എട്ട് റൺസിനിടെ വീണത് ആറുവിക്കറ്റ്; ഇന്ത്യക്കെതിരേ പാകിസ്താൻ 55 റൺസിന് പുറത്ത്

#സ്പോർട്സ് ഡെസ്ക്
ഹർമൻപ്രീത് കൗർ | AFP
ഹർമൻപ്രീത് കൗർ | AFP

ദുബായ്: വനിതാ ഏഷ്യാകപ്പിലെ ഗ്രൂപ്പ് പോരാട്ടത്തിൽ ഇന്ത്യക്കെതിരേ തകർന്നടിഞ്ഞ് പാകിസ്താൻ. 18.1 ഓവറിൽ വെറും 55 റൺസിന് പാകിസ്താൻ വനിതകൾ പുറത്തായി. ആദ്യഘട്ടത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 27 റൺസെന്ന നിലയിൽനിന്ന് 35-6 എന്ന നിലയിലേക്ക് പാകിസ്താൻ കൂപ്പുകുത്തിയിരുന്നു. ഇന്ത്യൻ ബൗളർമാർ കരുത്തുകാട്ടിയപ്പോൾ പാക് ബാറ്റർമാർ നിരനിരയായി മടങ്ങി. ഇന്ത്യ നേരത്തേ സെമിയിൽ കടന്നപ്പോൾ പാകിസ്താൻ സെമി ബെർത്ത് ലക്ഷ്യമിട്ടാണ് കളിക്കാനിറങ്ങിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക് ക്യാപ്റ്റൻ ഫാത്തിമ സനയുടെ തീരുമാനം പാളുന്നതാണ് മൈതാനത്ത് കണ്ടത്. ആദ്യ നാലോവർ മാത്രമേ പാകിസ്താൻ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചുള്ളൂ. ഓപ്പണർമാരായ മുനീബ അലിയും ഷവാൽ സുൽഫിക്കറും ശ്രദ്ധയോടെയാണ് ഇന്ത്യൻ ബൗളർമാരെ നേരിട്ടത്. അതിനിടെ മുനീബയുടെ ക്യാച്ച് പ്രതികാ റാവൽ കൈവിടുകയും ചെയതു. നാലോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ടീം 23 റൺസിലെത്തി. എന്നാൽ, അഞ്ചാം ഓവർ മുതൽ ഇന്ത്യ തിരിച്ചടിക്കുന്നതാണ് കണ്ടത്.

സ്‌കോർ 27-ൽ നിൽക്കേ പാകിസ്താന് ആദ്യവിക്കറ്റ് നഷ്ടമായി. മുനീബ അലിയെ ഷഫാലി വർമ പുറത്താക്കി. 15 പന്തിൽനിന്ന് 13 റൺസാണ് താരത്തിന്റെ സമ്പാദ്യം. ആറാം ഓവറിൽ രണ്ട് വിക്കറ്റുകൾ വീണു. ഗുൾ ഫെറോസയും(0) സുൽഫിക്കറും(14) പുറത്തായി. പിന്നീട് വന്നവരെല്ലാം നിരനിരയായി കൂടാരം കയറി. അയിഷ സഫർ(2), സദഫ് ഷമാസ്(3), ക്യാപ്റ്റൻ ഫാത്തിമ സന(0) എന്നിവർ പുറത്തായി. അതോടെ പാകിസ്താൻ 35-6 എന്ന നിലയിലേക്ക് വീണു. പിന്നാലെ എയ്മാൻ ഫാത്തിമ അഞ്ചുറൺസെടുത്ത് റണ്ണൗട്ടായി.

ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ പാകിസ്താൻ ബാറ്റർമാർക്കാർക്കും നിലയുറപ്പിക്കാനായില്ല. ഹനിയും(6) നഷ്റ സന്ധുവും(0) തുബ ഹസ്സനും(9) പിന്നാലെ മടങ്ങി. അതോടെ 55 റൺസിന് പാകിസ്താൻ ഓൾഔട്ടായി. ഇന്ത്യക്കായി പ്രേമ റാവത്തും ശ്രീ ചരണിയും മൂന്ന് വീതം വിക്കറ്റെടുത്തു.

Content Highlights: India Women vs Pakistan Women, Group A, Women's Asia Cup 2026