ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച് കിവീസ്, ഇടയ്ക്ക് ഞെട്ടിച്ച് ഇന്ത്യ; ഒന്നാം ദിനം കിവീസ് അഞ്ചിന് 246 റൺസെന്ന നിലയിൽ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌

ക്രൈസ്റ്റ് ചർച്ച്: ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഒന്നാം ദിനം കളിയവസാനിക്കുമ്പോൾ ആതിഥേയരായ ന്യൂസീലൻഡ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന നിലയിൽ. 117 പന്തിൽ നിന്ന് 53* റൺസുമായി ടോം ബ്ലണ്ടെലും 64 പന്തിൽ നിന്ന് 36* റൺസുമായി ഗ്ലെൻ ഫിലിപ്‌സുമാണ് ക്രീസിൽ. ഒന്നാം ദിനം ഭൂരിഭാഗം സമയവും ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കുകയായിരുന്നു കിവീസ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിനായി ഓപ്പണർ ഡെവോൺ കോൺവെയും ക്യാപ്റ്റൻ ടോം ലാഥവും ശ്രദ്ധയോടെയാണ് തുടങ്ങിയത്. 26 ഓവറുകൾ ക്രീസിൽ നിന്ന് ഇരുവരും 77 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 79 പന്തിൽ നിന്ന് 31 റൺസെടുത്ത കോൺവെയെ പുറത്താക്കി അരങ്ങേറ്റക്കാരൻ ഗുർനൂർ ബ്രാറാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങിയത്.

പിന്നാലെ ടോം ലാഥവും ഹെൻഡ്രി നിക്കോൾസും ചേർന്ന് 93 പന്തുകളോളം പിടിച്ചുനിന്നു. അർധ സെഞ്ചുറി പിന്നിട്ട ടോം ലാഥത്തെ 42-ാം ഓവറിൽ മടക്കി ആകാശ് ദീപാണ് ഇന്ത്യയ്ക്ക് അടുത്ത ബ്രേക്ക്ത്രൂ സമ്മാനിച്ചത്.

പിന്നാലെ 43-ാം ഓവറിൽ നിക്കോൾസിനെ അൻഷുൽ കാംബോജ് പുറത്താക്കി. 46 പന്തിൽ നിന്ന് 16 റൺസായിരുന്നു നിക്കോൾസിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറിൽ രചിൻ രവീന്ദ്രയേയും (0) പുറത്താക്കി ആകാശ് ദീപ് കിവീസിനെ പ്രതിരോധത്തിലാക്കി. ഭേദപ്പെട്ട തുടക്കമിട്ട കിവീസിനെ 41-ാം ഓവറിനു ശേഷം ഇന്ത്യ ഞെട്ടിച്ചു. 41.3 - 44 ഓവറുകൾക്കിടയിലെ 15 പന്തുകളിൽ കിവീസിന്റെ മൂന്നു വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 110 റൺസെന്ന നിലയിലായിരുന്ന കിവീസ് 15 പന്തുകൾക്കിടെ നാലിന് 110 എന്ന നിലയിലേക്ക് വീണു.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഡാരിൽ മിച്ചൽ - ടോം ബ്ലണ്ടെൽ സഖ്യം ക്ഷമയോടെ പിടിച്ചുനിന്നു. 124 പന്തിൽ നിന്ന് ഇരുവരും 74 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഈ കൂട്ടുകെട്ട് പിരിക്കാൻ ഇന്ത്യ പരീക്ഷണങ്ങൾ നടത്തുന്നതിനിടെ 65-ാം ഓവറിൽ ഡാരിൽ മിച്ചലിനെ മടക്കി വാഷിങ്ടൺ സുന്ദർ ഇന്ത്യയ്ക്ക് പ്രതീക്ഷയേകി. 74 പന്തിൽ നിന്ന് 31 റൺസായിരുന്നു മിച്ചലിന്റെ സമ്പാദ്യം. നാല് ഫോറുകളടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി കിവീസിനെ സമ്മർദത്തിലാക്കാമെന്ന് കരുതിയ ഇന്ത്യയ്ക്കു മുന്നിൽ പക്ഷേ ബ്ലണ്ടെൽ - ഗ്ലെൻ ഫിലിപ്‌സ് സഖ്യം കോട്ട കെട്ടി. ഇരുവരും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ഒന്നാം ദിനം പൂർത്തിയാക്കി. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 122 പന്തിൽ നിന്ന് 62 റൺസ് ചേർത്തിട്ടുണ്ട്.

ഒരു മാറ്റവുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ നിറംമങ്ങിയ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ഗുർനൂർ ബ്രാർ ടീമിലെത്തി. മുഹമ്മദ് സിറാജിനും രവീന്ദ്ര ജഡേജയ്ക്കും ഇത്തവണയും അവസരം ലഭിച്ചില്ല.

അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ സാധ്യത നിലനിർത്താൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. അവസാനമായി 17 വർഷംമുൻപാണ് ഇന്ത്യക്ക് ന്യൂസീലൻഡിൽനിന്ന് പരമ്പര സ്വന്തമാകുന്നത്.

Content Highlights: New Zealand scored 77/1 at lunch on Day 1 of the 2nd Test against India., Devon Conway was dismissed for 31 runs by Gurnoor Brar., Tom Latham and Henry Nicholls remain at the crease for New Zealand., India made one change, bringing in Gurnoor Brar for Prasidh Krishna., India needs a series win to keep World Test Championship final hopes alive.