76 റൺസിന് ഓൾഔട്ടായി ലോക ചാമ്പ്യൻമാർ; ഇംഗ്ലണ്ടിനോട് വീണ്ടും നാണംകെട്ട് തോറ്റ് ഇന്ത്യ

നോട്ടിങ്ങാം: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് ഇന്ത്യ. പരമ്പരയിലെ മൂന്നാം മത്സരത്തിൽ 125 റൺസിന്റെ വമ്പൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇംഗ്ലണ്ട് ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 11.4 ഓവറിൽ വെറും 76 റൺസിന് കൂടാരം കയറി. റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. ടി20 ചരിത്രത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ ചെറിയ സ്‌കോറും. ടി20 ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ ജയിക്കാതിരിക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 44 പന്തിൽ നിന്ന് 70 റൺസെടുത്ത ഫിൾ സാൾട്ടിന്റെ മികവിൽ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. 24 പന്തിൽ നിന്ന് 41 റൺസെടുത്ത സാം കറനും 21 പന്തിൽ നിന്ന് 36 റൺസെടുത്ത ജോസ് ബട്ടലറും ഭേദപ്പെട്ട സംഭാവനകൾ നൽകി.
ഇന്ത്യയ്ക്കായി പ്രിൻസ് യാദവ്, ഹർഷിത് റാണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അക്ഷർ പട്ടേൽ ഒരു വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ചീട്ടുകൊട്ടാരമായി. അഞ്ചു പന്തിൽ 13 റൺസെടുത്ത വൈഭവ് സൂര്യവംശി, അഭിഷേക് ശർമ (7 പന്തിൽ 10), ഇഷാൻ കിഷൻ (9 പന്തിൽ 13), അക്ഷർ പട്ടേൽ (4 പന്തിൽ 10) എന്നിവർ മാത്രമാണ് പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നവർ.
നാലു വിക്കറ്റെടുത്ത ജോഷ് ടങ്ങും മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആർച്ചറും ചേർന്നാണ് ഇന്ത്യയെ തകർത്തത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ അഞ്ചു റൺസിന് പുറത്തായി. തിവക് വർമയും (3) പരാജയമായി.
Content Highlights: India bowled out for 76, their second-lowest T20 total., England won by 125 runs, India's largest margin of defeat by runs., Phil Salt top-scored with 70 runs for England., Josh Tongue and Jofra Archer led the English bowling attack., India records five consecutive winless matches in T20 format.