വനിതാ ടി20-യിൽ ബംഗ്ലാദേശിനെയും തകർത്ത് ഇന്ത്യൻ മുന്നേറ്റം, അഞ്ചുവിക്കറ്റ് ജയം

#സ്പോർട്സ് ഡെസ്ക്
ഷഫാലി വർമ ബാറ്റിങ്ങിനിടെ | ഫോട്ടോ - x.com/cricbuzz
ഷഫാലി വർമ ബാറ്റിങ്ങിനിടെ | ഫോട്ടോ - x.com/cricbuzz

മാഞ്ചെസ്റ്റർ: വനിതാ ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെയും മറികടന്ന് ഇന്ത്യയുടെ മുന്നേറ്റം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസിലൊതുക്കി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ, 16.5 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തു. അഞ്ചുവിക്കറ്റിന്റെ ജയത്തോടെ ഇന്ത്യ സെമി സാധ്യത കൂടുതൽ സജീവമാക്കി. ഷഫാലി വർമയുടെ അർധ സെഞ്ചുറിയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. 

യസ്തിക ഭാട്യയും (18 പന്തിൽ 23) ജെമീമ റോഡ്രിഗസും (15 പന്തിൽ 26) എന്നിവരും ഇന്ത്യൻ ജയത്തിൽ നിർണായകമായി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (13), റിച്ച ഘോഷ് (10) എന്നിവരും രണ്ടക്കം തികച്ചു.

മൂന്നുവിക്കറ്റ് നേടിയ രാധ യാദവും രണ്ടുവിക്കറ്റ് നേടിയ ശ്രീചരണിയുമാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ചുനിന്നത്. രേണുക സിങ്, നന്ദിനി ശർമ എന്നിവർക്ക് ഓരോ വിക്കറ്റ്. ബംഗ്ലാദേശിനായി ഓപ്പണർ ജുവൈരിയ ഫിർദൗസും (33) ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ നിഗർ സുൽത്താനയും (32) ഭേദപ്പെട്ട പ്രകടനം നടത്തി. ശോഭന മോസ്തരി (22), ഷൊർണ അക്തർ (13), ഷർമിൻ അക്തർ (10) എന്നിവരും രണ്ടക്കം കടന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറിൽത്തന്നെ സ്മൃതി മന്ദാനയെ നഷ്ടമായെങ്കിലും ഷഫാലി വർമയുടെ പ്രകടനം കരുത്തായി. 34 പന്തിൽ 53 റൺസ് നേടിയ താരം, ഇന്ത്യയുടെ നില ഭദ്രമാക്കിയാണ് മടങ്ങിയത്. ഒരു സിക്‌സും എട്ട് ഫോറും ഉൾപ്പെടുന്നതാണ് ഷഫാലിയുടെ ഇന്നിങ്‌സ്. കളിയിലെ താരമായതും ഷഫാലി തന്നെ.

Content Highlights: Shafali Verma Shines as India Crushes Bangladesh in T20 World Cup