ഓസ്ട്രേലിയക്ക് 137 റൺസ് വിജയലക്ഷ്യം; ഭീഷണി തുടർന്ന് മഴ

പെര്‍ത്ത്: ഇടയ്ക്കിടെ തടസ്സപ്പെടുത്തിയെത്തിയ മഴ കാരണം ഓസ്‌ട്രേലിയ - ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യ മത്സരം 26 ഓവറാക്കി ചുരുക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓസ്‌ട്രേലിയക്ക് മുന്നില്‍ 137 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് ഇന്ത്യ നേടിയത്. മഴമൂലം നാലു തവണയാണ് മത്സരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്.
ആദ്യ പത്തോവറിനകം തന്നെ രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഗില്ലിനെയും നഷ്ടമായി. 31 പന്തില്‍ 38 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലും 38 പന്ത് നേരിട്ട് 31 റണ്‍സ് നേടിയ അക്സർ പട്ടേലും ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ അരങ്ങേറ്റതാരം നിധീഷ് കുമാര്‍ റെഡ്ഢി 11 പന്തില്‍ 19 റണ്‍സ് നേടിയത് വലിയ ആശ്വാസമായി.
ഇടയ്ക്ക് മഴ പെയ്തതു മൂലം 35 ഓവര്‍ ആക്കി ചുരുക്കിയിരുന്നു. പിന്നെയും ഇടയ്ക്ക് മഴയെത്തിയതോടെ 26 ഓവറാക്കി ചുരുക്കി. 11.5 ഓവർ പിന്നിട്ടപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന ദയനീയ നിലയിൽ നിൽക്കുകയായിരുന്നു ഇന്ത്യ. പിന്നീടാണ് മഴ കളി മുടക്കിയത്. വിരാട് കോലി (0), രോഹിത് ശർമ (8), ശുഭ്മാൻ ഗിൽ (10) എന്നിവരെ നേരത്തേ നഷ്ടമായി. നാലാം ഓവറില്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ പന്തില്‍ മാറ്റ് റെന്‍ഷോ ക്യാച്ചെടുക്കുകയായിരുന്നു. ഒരു ഫോർ ഉള്‍പ്പെടെ 14 പന്തില്‍ നിന്ന് എട്ട് റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.
ഏഴാം ഓവറില്‍ വിരാട് കോലിയെ മിച്ചല്‍ സ്റ്റാര്‍ക്കും മടക്കി. കൂപ്പര്‍ കനോലിക്ക് ക്യാച്ചായി പൂജ്യത്തിനാണ് മടങ്ങിയത്. കൂപ്പര്‍ കനോലിക്കാണ് ക്യാച്ച്. പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ നഥാൻ എലിസ് ഫിലിപ്പിന്റെ കൈകളിലേക്ക് നല്‍കിയതോടെ ഇന്ത്യ വലിയ പതര്‍ച്ച നേരിട്ടു. പിന്നാലെ ഹേസൽവുഡെറിഞ്ഞ 14-ാം ഓവറിൽ വിക്കറ്റ് കീപ്പർ ജോഷ് ഫിലിപ്പിന് ക്യാച്ച് നൽകി ശ്രേയസ് അയ്യരും (11) പുറത്തായി.
ഓസ്‌ട്രേലിയക്കുവേണ്ടി ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ ഓവന്‍, മാത്യു കന്‍മന്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി. മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാൻ എലിസ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷം വിരാട് കോലിയും രോഹിത് ശര്‍മയും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ഈ മത്സരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്.
ഇന്ത്യന്‍ നിരയില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഇത് ഏകദിനത്തിലെ അരങ്ങേറ്റമാണ്. 2024-25 ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയിൽ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ അതേ വേദിയില്‍ത്തന്നെയാണ് ഏകദിന അരങ്ങേറ്റവും കുറിക്കുന്നത്. ഏകദിന ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിന്റെ ആദ്യ മത്സരവുമാണ്.
ഇന്ത്യ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭമാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്
ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), മാത്യു ഷോര്‍ട്ട്, ജോഷ് ഫിലിപ്പെ (വിക്കറ്റ് കീപ്പര്‍), മാറ്റ് റെന്‍ഷോ, കൂപ്പര്‍ കനോലി, മിച്ചല്‍ ഓവന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാൻ എലിസ്, മാത്യു കുനമന്‍, ജോഷ് ഹേസല്‍വുഡ്.