അരങ്ങേറ്റത്തിൽ മാന്ത്രിക ബൗളിങ്; ചരിത്രമെഴുതി മാനവ് സുതാർ; അഫ്ഗാനെതിരേ ഇന്ത്യക്ക് കൂറ്റൻ ലീഡ്

മുല്ലൻപുർ (ചണ്ഡിഗഢ്): മുല്ലൻപുരിൽ നടക്കുന്ന ഇന്ത്യ-അഫ്ഗാനിസ്താൻ ഏക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനവും ഇന്ത്യ പിടിമുറുക്കുന്നു. അരങ്ങേറ്റക്കാരൻ മാനവ് സുതാറിന്റെ തകർപ്പൻ ബൗളിങ് പ്രകടനത്തിൽ അഫ്ഗാനിസ്താൻ ഒന്നാം ഇന്നിങ്സിൽ 152 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യക്ക് 412 റൺസിന്റെ ലീഡായി. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച അഫ്ഗാൻ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ നാലോവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 18 റൺസെന്ന നിലയിലാണ്.
113-ന് 5 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് പുനരാരംഭിച്ച അഫ്ഗാന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടേയിരുന്നു. 60 റൺസുമായി പൊരുതി നോക്കിയ റഹ്‌മത്ഷാ മാത്രമാണ് സന്ദർശകർക്കായി തിളങ്ങിയത്. ഇന്ത്യയ്ക്കായി തകർപ്പൻ ബൗളിങ് കാഴ്ചവെച്ച മാനവ് സുതാർ 33 റൺസ് മാത്രം വിട്ടുനൽകി ആറ് വിക്കറ്റുകൾ വീഴ്ത്തി.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അരങ്ങേറ്റ ഇന്നിങ്സിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമാണിത്. 1988-ൽ വെസ്റ്റ് ഇൻഡീസിനെതിരെ 61 റൺസിന് 8 വിക്കറ്റ് വീഴ്ത്തിയ നരേന്ദ്ര ഹിർവാനിയാണ് പട്ടികയിൽ ഒന്നാമതുള്ളത്. സുതാറിന്റെ മാന്ത്രിക പ്രകടനത്തിന് കോച്ച് ഗൗതം ഗംഭീറും മറ്റ് സപ്പോർട്ട് സ്റ്റാഫും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങവെ എഴുന്നേറ്റു നിന്ന് കൈയടിച്ച് ആദരവ് പ്രകടിപ്പിച്ചു. പ്രസിദ്ധ് കൃഷ്ണ മൂന്നും വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും നേടി.
നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 564 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ശുഭ്മാൻ ഗില്ലിന്റെയും കെ.എൽ. രാഹുലിന്റെയും സെഞ്ചുറികളും ഋഷഭ് പന്തിന്റെ മികച്ച ഇന്നിങ്സുമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.