ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുന്നത് രണ്ടാം തവണ; ആ റെക്കോഡ് ഇനി ദക്ഷിണാഫ്രിക്കയ്ക്ക് മാത്രം

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: PTI
Photo: PTI

ഗുവാഹാട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 408 റണ്‍സിന്റെ വമ്പന്‍ തോല്‍വി വഴങ്ങിയതോടെ ഇന്ത്യ വീണത് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്കാണ്. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് തോല്‍വിയാണിത്. ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ 400-ല്‍ ഏറെ റണ്‍സിന് തോല്‍ക്കുന്നത്.

അതേസമയം ഗുവാഹാട്ടി ടെസ്റ്റിലെ ജയത്തോടെ ഇന്ത്യയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയ ദക്ഷിണാഫ്രിക്ക ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യന്‍ മണ്ണില്‍ ഒന്നിലേറെ തവണ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുന്ന ആദ്യ ടീമെന്ന നേട്ടമാണ് അവര്‍ക്ക് സ്വന്തമായത്. ടെസ്റ്റ് ചരിത്രത്തില്‍ നാട്ടില്‍ രണ്ട് തവണ മാത്രമാണ് ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെട്ടിട്ടുള്ളത്. ഒന്ന് കഴിഞ്ഞ വര്‍ഷം ടോം ലാഥമിന്റെ നേതൃത്വത്തില്‍ ന്യൂസീലന്‍ഡ് നേടിയ 3-0ന്റെ വിജയമാണ്. രണ്ടില്‍ കൂടുതല്‍ ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത് അന്ന് ആദ്യമായിട്ടായിരുന്നു.

മറ്റൊന്ന് 1999-2000 സീസണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ തന്നെ. വാങ്കഡെയിലും ചിന്നസ്വാമിയിലും നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയെ തകര്‍ത്ത ഹാന്‍സി ക്രോണ്യയുടെ ടീം സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിച്ച ഇന്ത്യയെ 2-0ന് വൈറ്റ് വാഷ് ചെയ്യുകയായിരുന്നു. 25 വര്‍ഷങ്ങള്‍ക്കിപ്പുറം ആ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ് ടെംബ ബവുമയും സംഘവും. ഇന്ത്യന്‍ മണ്ണിലെ രണ്ട് ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുന്ന ആദ്യ സന്ദര്‍ശക ടീമായി ദക്ഷിണാഫ്രിക്ക മാറി.

Content Highlights: India suffers its largest-ever Test defeat to South Africa in Guwahati. South Africa makes history by whitewashing India on home soil for the second time.