ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നഷ്ടമാകാന്‍ കാരണം അമിത ആത്മവിശ്വാസം; താഹിര്‍

മസ്‌കറ്റ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന-ടെസ്റ്റ് പരമ്പരകളില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് വിനയായത് അമിതമായ ആത്മവിശ്വാസമാണെന്ന് വെളിപ്പെടുത്തി ഇമ്രാന്‍ താഹിര്‍. ഇന്ത്യന്‍ താരങ്ങളുടെ അമിതാവേശവും എതിരാളികളെ നിസ്സാരരായി കണ്ട മനോഭാവവുമാണ് തോല്‍വിക്ക് കാരണമായതെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തുറന്നടിച്ചു.
ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ വേള്‍ഡ് ജയന്റ്‌സിനുവേണ്ടി കളിക്കുന്നതിനിടെയാണ് താഹിര്‍ ഇന്ത്യയ്‌ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്.
' ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമുകളിലൊന്നാണ്. ദക്ഷിണാഫ്രിക്ക വളര്‍ന്നുവരുന്ന ടീമാണ്. സീനിയര്‍ താരങ്ങളെല്ലാം കളം വിട്ടതോടെ യുവതാരങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക വളരുന്നത്. പ്രോട്ടീസിനെ പെട്ടെന്ന് കീഴടക്കാമെന്ന ഇന്ത്യയുടെ അമിതപ്രതീക്ഷയാണ് എല്ലാത്തിനും കാരണം. കഴിഞ്ഞ 4-5 വര്‍ഷമായി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയാണ് മുന്നിട്ടുനില്‍ക്കുന്നത്. എന്നിട്ടും യുവതാരങ്ങള്‍ അണിനിരന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പരമ്പര നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല''- താഹിര്‍ പറഞ്ഞു.
ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് കിരീടം ഉറപ്പിച്ചപ്പോള്‍ 2-1 നാണ് ആതിഥേയര്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ പ്രകടനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും അധികം വൈകാതെ ലോകത്തിലെ ഏറ്റവും മികച്ച ടീമായി ഈ സംഘം മാറുമെന്നും താഹിര്‍ പറഞ്ഞു.
Content Highlights: India's overconfidence major reason behind series defeat against SA, says Imran Tahir
Content Highlights: