സ്റ്റേജിലേക്ക് ആരും വന്നില്ല, നഖ്‌വിയെ ‘ട്രോഫി കള്ളനെ’ന്ന് വിളിച്ച് ആരാധകർ; സ്റ്റേഡിയത്തിൽ നാടകീയ നിമിഷങ്ങൾ

ദുബായ്: വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിന് പിന്നാലെ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നാടകീയ നിമിഷങ്ങൾ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് വിജയികൾക്കുള്ള ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തതാണ് സംഭവങ്ങളുടെ തുടക്കം. അതോടെ സ്‌റ്റേജിൽ സമ്മാനദാനത്തിനായി കാത്തിരുന്ന നഖ്‌വി ലങ്കൻ ടീമിന് റണ്ണേഴ്‌സ് അപ്പ് ചെക്ക് മാത്രമാണ് കൈമാറിയത്. ഇന്ത്യൻ ടീമംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങാൻ വരുന്നില്ലെന്ന് ഉറപ്പായതോടെ അദ്ദേഹം സ്‌റ്റേഡിയത്തിൽ നിന്ന് മടങ്ങി.
നഖ്‌വി സമ്മാനദാനത്തിനായി സ്‌റ്റേജിൽ കാത്തുനിൽക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഏറെനേരം കാത്തുനിന്നിട്ടും ഇന്ത്യൻ താരങ്ങൾ ആരും വന്നില്ല. നഖ്‌വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി തന്നെ നിലപാടെടുക്കുകയായിരുന്നു. അതോടെ നഖ്‌വിയുടെ കാത്തിരിപ്പ് വിഫലമായി. ലങ്കൻ താരങ്ങൾക്ക് റണ്ണേഴ്‌സ് അപ്പിനുള്ള ചെക്ക് കൈമാറിയതിന് പിന്നാലെ മടങ്ങി. എസിസിയുടെ ഡെപ്യൂട്ടി ചെയർമാൻ ഖാലിദ് അൽ സറൂനിയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ ടീം തയ്യാറായിരുന്നു. എന്നാൽ നഖ്‌വി ഈ നിർദേശം തള്ളിക്കളഞ്ഞതോടെ ബിസിസിഐ സമ്മാനദാന ചടങ്ങിൽ നിന്ന് പിന്മാറുകയായിരുന്നു.
അതേസമയം നഖ്‌വിക്കെതിരേ ഗാലറിയിൽ നിന്ന് കൂക്കിവിളികളുയർന്നു. ‘ട്രോഫി കള്ളൻ’ എന്ന് ഗാലറിയിൽ നിന്ന് ആരാധകർ നഖ്‌വിയെ വിളിച്ചു. കഴിഞ്ഞ പുരുഷന്മാരുടെ ഏഷ്യാകപ്പിലെ നഖ്‌വിയുടെ അസാധാരണ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് ആരാധകർ ഇക്കുറി നഖ്‌വിക്കെതിരേ തിരിഞ്ഞത്. അന്ന് ട്രോഫിയുമായി സ്റ്റേഡിയത്തിൽ നിന്ന് നഖ്‌വി മുങ്ങിയിരുന്നു. അതോടെയാണ് തർക്കം രൂക്ഷമായത്. പിന്നാലെ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ബിസിസിഐ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധികൃതരെ അറിയിച്ചു. എന്നിട്ടും നഖ്‌വി തന്നെ സമ്മാനദാന ചടങ്ങിൽ അതിഥിയായെത്തുകയായിരുന്നു.
2025 ലെ പുരുഷന്മാരുടെ ഏഷ്യാകപ്പ് ഫൈനലിലും സമാനമായിരുന്നു സ്ഥിതി. ഇന്ത്യ പാകിസ്താനെ വ്യക്തമായ മാർജിനിൽ പരാജയപ്പെടുത്തിയതിന് ശേഷമാണ് വിവാദസംഭവങ്ങൾ അരങ്ങേറുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചുമതല കൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചിരുന്നു. പാകിസ്താനുമായുള്ള ബന്ധം മോശമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ ടീം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പകരം എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ട്രോഫി കൈമാറണമെന്നും അവർ അഭ്യർഥിച്ചിരുന്നു.
എന്നാൽ, നഖ്‌വി ഈ ആവശ്യം നിരസിക്കുകയും, ഇന്ത്യൻ ടീം തന്റെ കൈയിൽനിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ഇന്ത്യൻ ടീം പോഡിയത്തിൽ കയറാൻ കാത്തുനിൽക്കുമ്പോൾ എസിസി ഉദ്യോഗസ്ഥരിൽ ഒരാൾ ഗ്രൗണ്ടിൽനിന്ന് ട്രോഫി എടുത്തുമാറ്റുന്ന അസാധാരണമായ രംഗങ്ങളാണ് പിന്നീട് കണ്ടത്. കപ്പും വിജയികൾക്കുള്ള മെഡലുകളുമായി നഖ്‌വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാൽ ഇന്ത്യൻ ടീം പ്രതീകാത്മകമായാണ് വിജയാഘോഷം നടത്തിയത്.
Content Highlights: Indian team refused to accept the Women's Asia Cup trophy from ACC Chairman Mohsin Naqvi., BCCI officially communicated that players would not take the trophy from Naqvi, leading to dramatic scenes at Dubai International Stadium