ഒഴികഴിവില്ല, ഇതല്ല ഞങ്ങള്‍ ആഗ്രഹിച്ച കളി: കോലി

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് ഒഴികഴിവുകളില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഈ പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ടീം മുന്നോട്ടുപോകണമെന്നും മത്സരശേഷം കോലി പറഞ്ഞു.
ആദ്യ മത്സരത്തില്‍ തന്നെ നമുക്ക് വേണ്ടത്ര നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നില്ല. രണ്ടാമത്തേതിലും സ്ഥിതി വിഭിന്നമായിരുന്നില്ല. ദീര്‍ഘനേരം ശരിയായ സ്ഥലത്ത് ബൗള്‍ ചെയ്യാന്‍ നമുക്കായില്ല. അവരാണെങ്കില്‍ നന്നായി തന്നെ സമ്മര്‍ദം ചെലുത്തി. നമ്മള്‍ നന്നായി കളിക്കാതിരിക്കുകയും ന്യൂസീലന്‍ഡ് അവരുടെ ആസൂത്രണം നടപ്പിലാക്കുകയും ചെയ്തതാണ് കളിയില്‍ കണ്ടത്. ബൗളര്‍മാര്‍ക്ക് പരിശ്രമിക്കാനും ആക്രമിച്ചുകളിക്കാനും പോന്ന തരത്തില്‍ ഒരു ടോട്ടല്‍ പടുത്തുയര്‍ത്തുന്നതില്‍ ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടു. ബൗളിങ് ഭേദമായിരുന്നു. വെല്ലിങ്ടണില്‍ പോലും നമ്മള്‍ നന്നായി ബൗള്‍ ചെയ്തു എന്നാണ് എന്റെ വിശ്വാസം. ചിലപ്പോള്‍ നന്നായി ബൗള്‍ ചെയ്താലും ഒന്നും നടക്കണമെന്നില്ല. അതിനെയെല്ലാം അതിന്റെ അര്‍ഥത്തിലെടുത്ത് മറികടക്കുകയല്ലാതെ വേറെ പോംവഴിയില്ല. നിരാശാജനകമാണത്. വീണ്ടും ഗൃഹപാഠം നടത്തി തെറ്റുകള്‍ തിരുത്തിയേ തീരൂ. ടോസ് ഒരു വലിയ ഘടകമാണ്. അതില്‍ പരാതിക്ക് അടിസ്ഥാനമില്ല. രണ്ട് ടെസ്റ്റിലും അത് ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഒരു അന്താരാഷ്ട്ര ടീം എന്ന നിലയില്‍ നമ്മള്‍ അത് മനസ്സിലാക്കണം. മറുനാട്ടിലും വിജയിക്കണമെങ്കില്‍ നമ്മള്‍ അത് അംഗീകരിച്ചേ തീരൂ. ഒഴികഴിവുകളില്ല. പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോവുക തന്നെ. ഈ ടെസ്റ്റില്‍ നമ്മള്‍ ആഗ്രഹിച്ച കളി കാഴ്ചവയ്ക്കാന്‍ നമുക്കായില്ല-കോലി പറഞ്ഞു.
ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യ തോറ്റത്. വെല്ലിങ്ടണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റിനും.
Content Highlights: India NewZealand Test Wellington Virat Kohli Indian Test Team
Content Highlights: