കാര്യവട്ടത്ത് സഞ്ജു വെടിക്കെട്ടൊരുക്കുമോ.., ടീമുകൾ വ്യാഴാഴ്ചയെത്തും

#സ്പോർട്സ് ഡെസ്ക്
സഞ്ജു സാംസൺ | ഫോട്ടോ - എപി
സഞ്ജു സാംസൺ | ഫോട്ടോ - എപി

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തിനായി ഇരു ടീമുകളും വ്യാഴാഴ്ച തിരുവനന്തപുരത്തെത്തും. ശനിയാഴ്ച വൈകീട്ട് 7 മണിക്കാണ് മത്സരം. സഞ്ജു സാംസണിന്റെ സാന്നിധ്യം ആരാധകർക്ക് ആവേശം പകരുമെന്നുറപ്പ്. പരമ്പരയിൽ നിലവിൽ ഇന്ത്യ മുന്നിലാണ്(3-0). ബുധനാഴ്ച നാലാം മത്സരം നടക്കും.

വൈകീട്ട് 5 മണിയോടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ എത്തുന്ന താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിക്കും. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം കനത്ത സുരക്ഷാ വലയത്തിൽ താരങ്ങളെ താമസസ്ഥലത്തേക്ക് എത്തിക്കും. ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലൻഡ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് ലോകകപ്പിന് മുന്നോടിയായുള്ള നിർണായക മത്സരത്തിന്റെ വേദി. തിരുവനന്തപുരത്തെ സഞ്ജുവിന്റെ ബാറ്റിങ് കാണാനുള്ള കാത്തിരിപ്പിൽ കൂടിയാണ് ആരാധകർ. മത്സരം സുഗമമായി നടത്തുന്നതിനായി ജില്ലാ ഭരണകൂടവും പോലീസും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി വിപുലമായ തയ്യാറെടുപ്പുകളാണ് പൂർത്തിയാക്കിയിരിക്കുന്നത്. സഞ്ജുവിന്റെ സാന്നിധ്യവും ലോകകപ്പ് മുന്നൊരുക്കങ്ങളും മത്സരത്തിന്റെ മാറ്റുകൂട്ടുമെന്ന് കെ.സി.എ ഭാരവാഹികൾ അറിയിച്ചു.

Content Highlights: india newzealand t20 match thiruvananthapuram