ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പര ജയിക്കാന്‍ ഇന്ത്യ ഇനിയുമെത്ര കാത്തിരിക്കണം...

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ടാണ് ഇത്തവണ ഇന്ത്യ ഇറങ്ങിയത്. എന്നാല്‍, ആ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ രോഹിത് ശര്‍മയുടെ സംഘത്തിനും കഴിഞ്ഞില്ല. പരമ്പര തോറ്റില്ല എന്നത് മാത്രമാണ് ആശ്വാസം. കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെ, പരമ്പര 1-1 സമനിലയില്‍ കലാശിച്ചു.
ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഇന്ത്യക്കൊരു ടെസ്റ്റ് പരമ്പര ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്‍പത് ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ആകെ കളിച്ചത്. ഇതില്‍ ഏഴെണ്ണം തോറ്റു. 2010-11 കാലത്ത് എം.എസ്. ധോനിയുടെ നേതൃത്വത്തിലുള്ള ടീമും 1-1 എന്ന നിലയില്‍ സമനില പിടിച്ചിരുന്നു. പ്രൊട്ടീസ് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര നേട്ടത്തിന് ഇന്ത്യ ഇനിയും കാത്തിരിക്കണം.
കേപ്ടൗണില്‍ ടെസ്റ്റ് ജയിച്ചത് ഇന്ത്യയെ സംബന്ധിച്ച് ചരിത്രമാണ്. ന്യൂലന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളിച്ച അഞ്ചു ടെസ്റ്റില്‍ ഒരെണ്ണം പോലും ഇന്ത്യ ജയിച്ചിരുന്നില്ല. മൂന്ന് തോല്‍വിയും രണ്ട് സമനിലയുമായിരുന്നു ഇതുവരെയുണ്ടായിരുന്ന ഫലം. എന്നാല്‍, വ്യാഴാഴ്ച നേടിയ ജയത്തോടെ ആ റെക്കോഡ് തിരുത്തിക്കുറിക്കാൻ ഇന്ത്യയ്ക്കായി.
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇത് ഇന്ത്യയുടെ അഞ്ചാമത്തെ ടെസ്റ്റ് ജയമാണ്. 2006, 2018 വര്‍ഷങ്ങളില്‍ ജൊഹാനസ്ബര്‍ഗിലും 2010-ല്‍ ഡര്‍ബനിലും 2018-ല്‍ സെഞ്ചൂറിയനിലുമാണ് ഇതിനു മുന്‍പ് ടെസ്റ്റ് ജയിച്ചത്. രാഹുല്‍ ദ്രാവിഡ്, എം.എസ്. ധോനി, വിരാട് കോലി എന്നിവര്‍ക്ക് ശേഷം പ്രോട്ടീസ് മണ്ണില്‍ ഒരു ടെസ്റ്റ് ജയിക്കുന്ന നാലാമത്തെ ക്യാപ്റ്റനായി രോഹിത് ശര്‍മ മാറി.
Content Highlights: india never won a test series in south africa