അതിശയിപ്പിച്ച ഓൾറൗണ്ടര്‍, കടപുഴക്കിയത് റെക്കോഡുകൾ പലത്; ഇന്ത്യയുടെ മുത്താണ് ദീപ്തി

മുംബൈ: ഇന്ത്യക്ക് കന്നി ലോകകിരീടം നേടിക്കൊടുത്ത് ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ കായിക ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തം രാജ്യത്തിന് സമ്മാനിച്ചിരിക്കുകയാണ്. ഇന്ത്യ പ്രഥമ വനിതാ ലോകകപ്പ് നേടിയ ടൂര്‍ണമെന്റില്‍ ഏറ്റവും എടുത്തുപറയേണ്ട ഇന്നിങ്‌സുകൾ കാഴ്ചവെച്ചത് ദീപ്തി ശര്‍മയാണ്. ദീപ്തി ടൂര്‍ണമെന്റിലുടനീളം കാഴ്ചവെച്ച പ്രകടനത്തിന്റെ അനന്തരഫലമാണ് ഈ ലോകകപ്പെന്നു പറയാം. ഇന്ത്യന്‍ വനിതകള്‍ നേടുന്ന കന്നി ഐസിസി കിരീടംകൂടിയാണിത്.
ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 298 എന്ന വലിയ ലക്ഷ്യം വെക്കാനായത് ഷഫാലി വര്‍മയുടെയും ദീപ്തി ശര്‍മയുടെയും സമ്മര്‍ദത്തിന് അടിപ്പെടാത്ത ഇന്നിങ്‌സാണ്. ഷഫാലി തിരിച്ചുവരവ് ഗംഭീരമാക്കിയെങ്കില്‍, ദീപ്തി ഓള്‍റൗണ്ട് പ്രകടനംകൊണ്ടാണ് ഫലം ഇന്ത്യക്ക് അനുകൂലമാക്കിയത്. ഫൈനലില്‍ 58 പന്തുകള്‍ നേരിട്ട് 58 റണ്‍സ് നേടിയ ദീപ്തി, 9.3 ഓവറില്‍ 39 റണ്‍സ് വിട്ടുനല്‍കി അഞ്ചുവിക്കറ്റുമെടുത്തു. സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടിന്റേത് (101) അടക്കമുള്ള വിക്കറ്റുകള്‍ ദീപ്തിക്കാണ്.
ഓള്‍റൗണ്ടറായി അതിശയിക്കുന്ന പ്രകടനം കാഴ്ചവെച്ച ദീപ്തിക്ക് ലഭിച്ച അംഗീകാരമാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പട്ടം. ബാറ്റുകൊണ്ടും ബോളുകൊണ്ടും അതിശയിപ്പിക്കുന്ന പ്രകടനം നടത്തി അവര്‍. ലോകകപ്പ് നേടിയ ടീമംഗം എന്ന അഭിമാനത്തോടൊപ്പം, വ്യക്തിപരമായി ഏറ്റവും മികവ് അടയാളപ്പെടുത്തിയ ലോകകപ്പ് എന്ന നിലയില്‍ക്കൂടി ദീപ്തിക്ക് 2025 എന്നെന്നും സുഖമുള്ള ഓര്‍മയായിരിക്കും. ഒരു ഐസിസി വനിതാ ലോകകപ്പില്‍ ഇരുന്നൂറിലധികം റണ്‍സും പതിനഞ്ചിലധികം വിക്കറ്റുകളും നേടുന്ന ആദ്യ ക്രിക്കറ്ററാണ് ദീപ്തി.
ടൂര്‍ണമെന്റില്‍ 215 റണ്‍സും 22 വിക്കറ്റുകളുമാണ് ദീപ്തിയുടെ സമ്പാദ്യം. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍. ഒരു ഏകദിന നോക്കൗട്ട് മത്സരത്തില്‍ (പുരുഷ-വനിതാ വിഭാഗങ്ങളില്‍) അര്‍ധ സെഞ്ചുറിയും അഞ്ചുവിക്കറ്റ് നേട്ടവും കൈവരിക്കുന്ന ആദ്യ താരംകൂടിയാണ്. വനിതാ ലോകകപ്പ് ഫൈനലില്‍ അഞ്ചുവിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരവും. 2017-ലെ ഫൈനലില്‍ ഇന്ത്യക്കെതിരേ 46 റണ്‍സിന് ആറ് വിക്കറ്റ് നേടിയ ഇംഗ്ലണ്ടിന്റെ ആന്യ ഷ്രബ്‌സോളായിരുന്നു ഈ നേട്ടം കൈവരിച്ച ആദ്യതാരം. ഹോം വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ നാലിലധികം വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും ദീപ്തി സ്വന്തമാക്കി. അഞ്ചുതവണയാണ് ഈ നേട്ടം കൈവരിച്ചത്.
ഒന്‍പത് മത്സരങ്ങളില്‍നിന്നാണ് ദീപ്തിയുടെ 215 റണ്‍സ് നേട്ടം. ഇതില്‍ ഫൈനിലിലേതുള്‍പ്പെടെ മൂന്ന് അര്‍ധ സെഞ്ചുറികളുണ്ട്. ഫൈനല്‍പോലെ ഒരു സമ്മര്‍ദ ഘട്ടത്തില്‍ ശാന്തമായും ആത്മവിശ്വാസത്തോടെയും ബാറ്റുവീശാനായത് ദീപ്തിയുടെ ആഴത്തിലുള്ള ക്രിക്കറ്റ് വൈഭവത്തിന്റെ അടയാളമാണെന്ന് കമന്റേറ്റര്‍മാരടക്കം പുകഴ്ത്തിയിരുന്നു. ഒന്‍പത് മത്സരങ്ങളില്‍നിന്നാണ് 22 വിക്കറ്റ് നേട്ടവും.
ലീഗ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്കും രണ്ടാം മത്സരത്തില്‍ പാകിസ്താനുമെതിരേ മൂന്നുവിക്കറ്റുകള്‍ നേടിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ അര്‍ധ സെഞ്ചുറിയും കുറിച്ച് ഓള്‍റൗണ്ടറെന്ന നിലയില്‍ തന്റെ ടീമിലെ പ്രാധാന്യവും ആവശ്യകതയും തെളിയിച്ചു. ബാറ്റിങ്ങില്‍ മധ്യനിരയിലെ ഇന്ത്യയുടെ രക്ഷക, ഓഫ് സ്പിന്‍ കൊണ്ട് എതിരാളികള്‍ക്ക് വെല്ലുവിളിയുര്‍ത്തുന്ന ബൗളര്‍ എന്നീ നിലകളില്‍ ദീപ്തി ഈ ലോകകപ്പില്‍ തന്റേതായ ഇടം അടയാളപ്പെടുത്തിക്കഴിഞ്ഞു. ഈ വിധത്തിലുള്ള സമഗ്ര സംഭാവനകളാണ് അവരെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
Content Highlights: Deepti Sharma Leads India to Maiden World Cup Glory: A Historic Triumph