സഞ്ജു ഇന്നും പുറത്തുതന്നെ; ഗാബയില്‍ പരമ്പര പിടിക്കാനുറച്ച് ഇന്ത്യ

#Sports Desk
Photo: AFP
Photo: AFP

ബ്രിസ്ബേന്‍: ഓസ്ട്രേലിയയില്‍ ഇന്ത്യ ഒരിക്കലും ട്വന്റി 20 ക്രിക്കറ്റ് പരമ്പര തോറ്റിട്ടില്ല. വ്യാഴാഴ്ച നാലാംമത്സരത്തില്‍ ജയിച്ചതോടെ ഇക്കുറിയും പരമ്പര നഷ്ടപ്പെടില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സംഘവും ഉറപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച അഞ്ചാം മത്സരത്തിനിറങ്ങുമ്പോള്‍ കരുത്തരായ ഓസ്ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ത്രസിപ്പിക്കുന്ന പരമ്പരവിജയം എന്നലക്ഷ്യമേ ഇന്ത്യക്കുമുന്നിലുള്ളൂ. മത്സരം ശനിയാഴ്ച ഉച്ചയ്ക്ക് 1.45 മുതല്‍ ബ്രിസ്ബേനിലെ ഗാബ സ്റ്റേഡിയത്തില്‍. ഇന്ത്യ ജയിച്ചാല്‍ 3-1ന് പരമ്പരനേടാം. ഓസ്ട്രേലിയ ജയിച്ചാല്‍ 2-2 എന്നനിലയില്‍ തുടരും. പരമ്പരയിലെ ആദ്യമത്സരം മഴകാരണം ഉപേക്ഷിച്ചിരുന്നു.അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പിലാണ് ഇനി ടീമുകള്‍ മുഖാമുഖംവരുക.

ഇന്ത്യക്ക് സന്തോഷം

അടുത്തവര്‍ഷത്തെ ട്വന്റി 20 ലോകകപ്പിനു മുന്നോടിയായി ടീമിന്റെ കരുത്തും ദൗര്‍ബല്യവുമെല്ലാം കൃത്യമായി കണക്കാക്കുക എന്നതായിരുന്നു ഈ പരമ്പരയ്ക്കിറങ്ങുമ്പോള്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ പ്രധാനദൗത്യം. മുന്‍നിര ബാറ്റിങ്ങിലെ നേരിയ ചില വിടവുകള്‍ മാറ്റിനിര്‍ത്തിയാല്‍, ഓരോ കോളങ്ങളും പൂരിപ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ ടീം മുന്നേറിയത്. ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും ശിവം ദുബെയും ചേരുന്ന പേസ് നിര ഭദ്രമാണെന്ന് തെളിയിച്ചു. വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുള്‍പ്പെട്ട സ്പിന്‍ വിഭാഗവും കളി നിയന്ത്രിക്കാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തി. അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ ഓള്‍റൗണ്ടര്‍മാരും അവസരത്തിനൊത്തുയര്‍ന്നു.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവര്‍ക്ക് വലിയ സ്‌കോര്‍ കണ്ടെത്താനായില്ലെന്നതാണ് നേരിയ പോരായ്മ. അത് പരിഹരിക്കാനുള്ള അവസരം ശനിയാഴ്ചയുണ്ട്. തന്റെ ഭയരഹിതബാറ്റിങ്ങിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചന സൂര്യകുമാര്‍ നല്‍കിയിരുന്നു. ഇന്ത്യന്‍ നിരയില്‍ മാറ്റത്തിന് സാധ്യതയില്ലാത്തതിനാല്‍ സഞ്ജു സാംസണ്‍ ഇന്നും പുറത്തിരിക്കേണ്ടിവരും.

വ്യാഴാഴ്ച ഗോള്‍ഡ്കോസ്റ്റിലെ കറാറയില്‍നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 167 റണ്‍സെടുത്തശേഷം ഓസീസിനെ 119-ന് പുറത്താക്കിയത് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തുന്ന പ്രകടനമായി. ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റിനുള്ള മുന്നൊരുക്കത്തിലുള്ള ഓസ്ട്രേലിയയുടെ പ്രധാനതാരങ്ങള്‍ ട്വന്റി 20-യില്‍ കളിക്കുന്നില്ല എന്നതുകൂടി ശ്രദ്ധിക്കണം. ഇന്ത്യ ശനിയാഴ്ച കഴിഞ്ഞമത്സരത്തിലെ ഇലവനെ നിലനിര്‍ത്തിയേക്കും. ഓസ്ട്രേലിയന്‍ ഇലവനില്‍ ജോഷ് ഫിലിപ്പെക്കു പകരം മിച്ചല്‍ ഓവന്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഗാബയില്‍ വൈകുന്നേരത്തോടെ ഇടിമിന്നലിന് സാധ്യതയുണ്ട്.

Content Highlights: India eyes a historic T20 series victory against Australia in Brisbane`s Gabba. Can they clinch it? Don`t miss the thrilling final match on Saturday!