ഓസീസിനെതിരേ ഇന്ത്യ മികച്ച നിലയിൽ; രോഹിത്തും കോലിയും ക്രീസിൽ

സിഡ്‌നി: ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ മികച്ച നിലയില്‍. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ, 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍ രോഹിത് ശര്‍മയും (40 പന്തില്‍ 32) വിരാട് കോലിയും (12 പന്തില്‍ 14) ആണ് ക്രീസില്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (26 പന്തില്‍ 24) ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കി പുറത്തായി.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 46.4 ഓവറില്‍ 236 റണ്‍സിന് പുറത്തായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ മാറ്റ് റെൻഷായുടെയും (58 പന്തില്‍ 56) ക്യാപ്റ്റൻ മിച്ചൽ മാർഷിന്റെയും (41) ഇന്നിങ്സുകളാണ് ഓസീസിനെ തുണച്ചത്. ഇന്ത്യക്കായി ഹർഷിത് റാണ നാലുവിക്കറ്റ് നേടി. നേരത്തേ ഓപ്പണിങ്ങില്‍ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് 61 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി മികച്ച തുടക്കം നല്‍കിയിരുന്നു.
ട്രാവിസ് ഹെഡ് (25 പന്തില്‍ 29) ആണ് ആദ്യം പുറത്തായത്. പത്താം ഓവറില്‍ മുഹമ്മദ് സിറാജെറിഞ്ഞ പന്തില്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് ക്യാച്ച് നല്‍കിയാണ് മടക്കം. പിന്നാലെ മിച്ചല്‍ മാര്‍ഷും (50 പന്തില്‍ 41) പുറത്തായി. അക്ഷര്‍ പട്ടേലിനാണ് വിക്കറ്റ്. 41 പന്തില്‍ 30 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടിനെ കോലിയുടെ കൈകളിലെത്തിച്ച് വാഷിങ്ടണ്‍ സുന്ദറും അലക്‌സ് കാരിയെ (37 പന്തില്‍ 24) ശ്രേയസ് അയ്യരുടെ കൈകളിലേക്ക് നല്‍കി ഹര്‍ഷിത് റാണയും വിക്കറ്റുവേട്ടയില്‍ പങ്കാളികളായി.
തുടര്‍ന്ന് ആറു റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടതോടെ റണ്ണൊഴുക്ക് കുറഞ്ഞു. അര്‍ധ സെഞ്ചുറി നേടിയ മാറ്റ് റെന്‍ഷായെ വാഷിങ്ടണ്‍ സുന്ദര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. പിന്നാലെ മിച്ചല്‍ ഓവന്‍ (1), മിച്ചല്‍ സ്റ്റാര്‍ക്ക് (2), നാഥന്‍ എലിസ് (22), ജോഷ് ഹേസല്‍വുഡ് (0), കൂപ്പര്‍ കനോലി (23) എന്നിവരെല്ലാം മടങ്ങി. ഇന്ത്യക്കുവേണ്ടി ഹര്‍ഷിത് റാണ നാലും വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും പേസര്‍ പ്രസിദ്ധ് കൃഷ്ണയെയും ടീമില്‍ ഉള്‍പ്പെടുത്തി. നിതീഷ് റെഡ്ഢിയെയും അര്‍ഷ്ദീപ് സിങ്ങിനെയുമാണ് ഒഴിവാക്കിയത്. ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ വിരാട് കോലിക്ക് വീണ്ടും അവസരംനൽകി.
ആദ്യരണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ആതിഥേയരുടെ ലക്ഷ്യം പരമ്പര തൂത്തുവാരുക എന്നതാണ്. എന്നാല്‍ ആശ്വാസ ജയം തേടി മുഖം രക്ഷിക്കാനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ രണ്ട് മത്സരങ്ങളിലും നിറംമങ്ങിയ വിരാട് കോലിക്കും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും മികച്ച ഇന്നിങ്‌സ് കാഴ്ചവെയ്‌ക്കേണ്ടതിന്റെ സമ്മര്‍ദവുമുണ്ട്. ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ പരമ്പര തന്നെ കൈവിട്ടതിന്റെ നിരാശയ്‌ക്കൊപ്പം ബാറ്റിങ്ങിലെ മോശം ഫോമും ഗില്ലിന് തിരിച്ചടിയാകും.
ഇന്ത്യ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ഓസ്‌ട്രേലിയ സ്‌ക്വാഡ്: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, മാത്യൂ ഷോര്‍ട്ട്, മാറ്റ് റെന്‍ഷ, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കൊനോലി, മിച്ചല്‍ ഓവന്‍, നാഥന്‍ എലിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംബ, ജോഷ് ഹേസല്‍വുഡ്.
Content Highlights: India Opts to Bowl First in Decisive ODI Against Australia