കൂട്ടിയും കിഴിച്ചും ഇന്ത്യ; വനിതാ ടി20 ലോകകപ്പില്‍ സെമി കടക്കുമോ? മുന്നിലുള്ള സാധ്യതകള്‍

ദുബായ്: വനിതാ ടി20 ലോകകപ്പ് ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷ അപകടത്തിലായിരുന്നു. എന്നാല്‍ പിന്നീട് പാകിസ്താനെയും കഴിഞ്ഞ ദിവസം ശ്രീലങ്കയെയും തകര്‍ത്ത് സാധ്യതകള്‍ക്ക് നേരിയ ജീവന്‍വെയ്പ്പിച്ചിരിക്കുകയാണ് ഇന്ത്യ. ശ്രീലങ്കയെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയതോടെ നെറ്റ് റണ്‍റേറ്റ് കൂടിയത് പ്രതീക്ഷ പകരുന്നു. എങ്കില്‍പ്പോലും ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും പാകിസ്താനും വെല്ലുവിളിയായി മുന്നിലുണ്ട്.
ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് 58 റണ്‍സിന്റെ വന്‍ തോല്‍വി വഴങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. പിന്നീട് പാകിസ്താനെ ആറ് വിക്കറ്റിന് തകര്‍ത്തെങ്കിലും നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ തന്നെ നിലനിന്നു. പക്ഷേ, പ്രതീക്ഷ കൈവിടാതെ പൊരുതിയ ഹര്‍മന്‍പ്രീത് കൗറും സംഘവും ബുധനാഴ്ച ശ്രീലങ്കയ്‌ക്കെതിരേ നേടിയത് മികവുറ്റ വിജയം. ചാമരി അട്ടപ്പട്ടുവിന്റെ ശ്രീലങ്കയെ 82 റണ്‍സിന് തകര്‍ത്തു.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും ഓപ്പണര്‍ സ്മൃതി മന്ഥാനയുടെയും അര്‍ധ സെഞ്ചുറി മികവില്‍ ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. ഷഫാലി വര്‍മയും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 19.5 ഓവറില്‍ 90 റണ്‍സിന് തകര്‍ന്നു. മൂന്നുവീതം വിക്കറ്റുകള്‍ നേടിയ മലയാളി താരം ആശ ശോഭനയും അരുന്ധതി റെഡ്ഢിയുമാണ് ശ്രീലങ്കയുടെ കഥകഴിച്ചത്. ജയത്തോടെ ഇന്ത്യയുടെ പോസിറ്റീവിലേക്ക് കുതിച്ചുചാട്ടം നടത്തി. -1.271 ല്‍നിന്ന് +0.576 നെറ്റ് റണ്‍റേറ്റുയര്‍ത്തി അഞ്ച് ടീമുകളടങ്ങിയ പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യ.
ഇനി സെമി സാധ്യതകള്‍ പരിശോധിക്കാം. ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസീലന്‍ഡ്, പാകിസ്താന്‍ എന്നിവയില്‍ രണ്ട് ടീമുകളേ സെമിയില്‍ പ്രവേശിക്കൂ. നാല് ടീമുകള്‍ക്കും സാധ്യതകള്‍ തുറന്നുകിടക്കുന്നുണ്ട് താനും. ഇന്ത്യയ്ക്ക് ഇനി ഏറ്റുമുട്ടേണ്ടത് ഓസ്‌ട്രേലിയയുമായാണ്. ആ കളിയില്‍ ഇന്ത്യ വിജയിക്കണം. അങ്ങനെ വന്നാല്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകള്‍ നാല് കളികളില്‍ മൂന്ന് വിജയങ്ങളോടെ ആറുവീതം പോയിന്റ് നേടി തുല്യനിലയിലാകും. അപ്പോള്‍ നെറ്റ് റണ്‍റേറ്റില്‍ മുന്നിലുള്ള രണ്ട് ടീമുകള്‍ സെമിയിലേക്ക് കടക്കും. നിലവില്‍ ഓസ്‌ട്രേലിയക്ക് +2.524, ഇന്ത്യക്ക് +0.576, ന്യൂസീലന്‍ഡിന് -0.555 എന്നിങ്ങനെയാണ് നെറ്റ് റണ്‍റേറ്റ്.
ഇന്ത്യ ഓസ്‌ട്രേലിയയെ ഒരു റണ്ണിന് തോല്‍പ്പിച്ചെന്നു വയ്ക്കുക. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കാന്‍ ന്യൂസീലന്‍ഡിന് ശ്രീലങ്കയ്ക്കും പാകിസ്താനുമെതിരേ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഏകദേശം 38 റണ്‍സിന്റെ സംയോജിത മാര്‍ജിനില്‍ ജയിക്കേണ്ടതുണ്ട്. ഇന്ത്യ പത്ത് റണ്‍സിന് ജയിച്ചാല്‍ അത് 48 റണ്‍സിനാവും.
ഇനി ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റാലോ? നാല് മത്സരങ്ങളില്‍ എട്ട് പോയിന്റോടെ ഓസീസ് സെമി ഉറപ്പിക്കും. നാലുകളികളില്‍ മൂന്ന് വിജയങ്ങളുമായി ന്യൂസീലന്‍ഡ് രണ്ടാംസ്ഥാനക്കാരായും സെമിയിലെത്തും. നാല് കളികളില്‍ രണ്ട് വിജയങ്ങള്‍ മാത്രമുള്ള ഇന്ത്യ പുറത്തുപോവുകയും ചെയ്യും. എന്നാല്‍ ന്യൂസീലന്‍ഡും പാകിസ്താനും അടുത്ത രണ്ട് മത്സരങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ തോറ്റാലും ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സാധ്യത കൈവരും.
Content Highlights: icc womens t20 world cup indias semi final path