സഞ്ജു ഐസിസിയുടെ ലോകകപ്പ് ടീമിൽ, നാല് ഇന്ത്യൻ താരങ്ങൾ ഇടം നേടി

#സ്പോർട്സ് ഡെസ്ക്
സഞ്ജു സാംസൺ | AFP
സഞ്ജു സാംസൺ | AFP

മുംബൈ: 2026 ടി20 ലോകകപ്പിലെ ടീം ഓഫ് ദ ടൂർണമെന്റിനെ പ്രഖ്യാപിച്ച് ഐസിസി. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ ടീമിലുണ്ട്. സഞ്ജുവിനെ വിക്കറ്റ് കീപ്പറായും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രമിനെ നായകനായുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

മുൻ താരങ്ങളും ഐസിസി പ്രതിനിധികളും മാധ്യമപ്രവർത്തകരും അടങ്ങുന്ന സെലക്ഷൻ പാനലാണ് ടീമിനെ തിരഞ്ഞെടുത്തത്. സഞ്ജുവിന് പുറമേ ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട മറ്റ് ഇന്ത്യൻ താരങ്ങൾ. അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസെടുത്ത സഞ്ജു ഇന്ത്യയുടെ കിരീടവിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ്. മാത്രമല്ല, ലോകകപ്പിലെ താരവും സഞ്ജുവായിരുന്നു. ബാറ്റിങ്ങിൽ സഞ്ജുവിനൊപ്പം തിളങ്ങിയ ഇഷാൻ കിഷനും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഹാർദിക്കും ടീമിലിടംപിടിച്ചു. ലോകകപ്പ് ഫൈനലിലെ താരമായ പേസർ ബുംറയും തിരഞ്ഞെടുക്കപ്പെട്ടു.

പാക് താരം സഹിബ്‌സാദ ഫർഹാൻ, ഇംഗ്ലണ്ട് ഓൾറൗണ്ടർ വിൽ ജാക്‌സ്, വിൻഡീസ് ബൗളർ ജേസൺ ഹേൾഡർ, ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഡിഡി, ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റാഷിദ്, സിംബാബ്‌വേ പേസർ ബ്ലെസ്സിങ് മുസറാബാനി എന്നിവരാണ് ടീം ഓഫ് ദ ടൂർണമെന്റിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റ് താരങ്ങൾ. 12-ാമനായി യുഎസ്എ ബൗളർ ഷാഡ്‌ലി വാൻ ഷാൽക്വിക്കും ഉൾപ്പെട്ടിട്ടുണ്ട്. വെറും നാല് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റെടുത്ത് തിളങ്ങിയ താരമാണ് ഷാഡ്‌ലി.

Content Highlights: Four Indian players selected in the ICC T20 World Cup 2026 team., Sanju Samson named as the wicket-keeper and Player of the Tournament., Selection panel included former cricketers, ICC officials, and journalists., Aiden Markram appointed as the captain of the team.