ടി20 റാങ്കിങ്: ഇഷാൻ കിഷൻ ഒന്നാമത്, അഭിഷേക് രണ്ടാമത്, ആദ്യപത്തിലെത്തി ബുംറയും

#സ്പോർട്സ് ഡെസ്ക്
ഇഷാൻ കിഷനും അഭിഷേക് ശർമയും | AFP
ഇഷാൻ കിഷനും അഭിഷേക് ശർമയും | AFP

ന്യൂഡൽഹി: ഐസിസി ടി20 റാങ്കിങ്ങിൽ കുതിച്ച് ഇന്ത്യൻ താരങ്ങൾ. ബാറ്റർമാരിൽ ആദ്യ രണ്ട് സ്ഥാനങ്ങളും സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ ബൗളർമാരുടെ റാങ്കിങ്ങിലും നേട്ടമുണ്ടാക്കി. ബാറ്റർമാരിൽ ഇഷാൻ കിഷൻ ഒന്നാമതും അഭിഷേക് ശർമ രണ്ടാമതുമാണ്.

913 പോയന്റോടെയാണ് ഇഷാൻ കിഷൻ ഒന്നാമതെത്തിയത്. രണ്ടാമതുള്ള അഭിഷേക് ശർമയ്ക്ക് 862 പോയന്റാണുള്ളത്. അഫ്ഗാനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ അഭിഷേക് ഒരു സ്ഥാനം മെച്ചപ്പെടുത്തി. പാകിസ്താന്റെ സഹിബ്‌സാദ ഫർഹാൻ മൂന്നാമതും(848 പോയന്റ്) ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് നാലാമതുമാണ് (799 പോയന്റ്). ഒരു സ്ഥാനം മെച്ചപ്പെടുത്തി ജോസ് ബട്‌ലർ ഏഴാമത്തെതി.

തിലക് വർമയാണ് ആദ്യപത്തിനുള്ളിലുള്ള മറ്റൊരു ഇന്ത്യൻ താരം. തിലക് എട്ടാം സ്ഥാനത്താണുള്ളത്. ഇന്ത്യൻ ടീമിൽ നിന്ന് സ്ഥാനം നഷ്ടമായെങ്കിലും മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 20-ാം സ്ഥാനത്തുണ്ട്. ശ്രേയസ് അയ്യർ 29-ാം സ്ഥാനത്തും സഞ്ജു സാംസൺ 30-ാം സ്ഥാനത്തുമാണ്. സഞ്ജു റാങ്കിങ്ങിൽ നാല് സ്ഥാനം മെച്ചപ്പെടുത്തി.

ടി20 യിലെ ബൗളർമാരുടെ റാങ്കിങ്ങിൽ വരുൺ ചക്രവർത്തി, ജസ്പ്രിത് ബുംറ, അർഷ്ദീപ് സിങ് എന്നിവർ മുന്നേറി. വരുൺ ചക്രവർത്തി രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാമതെത്തി. ബുംറ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം റാങ്കിലെത്തി. അർഷ്ദീപ് 14-ാം സ്ഥാനത്താണ്. അഫ്ഗാൻ സൂപ്പർ താരം റാഷിദ് ഖാനാണ് ബൗളർമാരിൽ ഒന്നാമൻ. 744 പോയന്റാണ് റാഷിദ് ഖാനുള്ളത്. 736 പോയന്റുമായി പാക് സ്പിന്നർ അബ്രാർ അഹമ്മദ് രണ്ടാമതും 710 പോയന്റോടെ ഇംഗ്ലീഷ് സ്പിന്നർ ആദിൽ റഷീദ് മൂന്നാമതുമാണ്.

Content Highlights: Ishan Kishan claims the number one spot in ICC T20 batter rankings with 913 points., Abhishek Sharma moves up to second place following a stellar performance against Afghanistan