'അടിച്ചുകേറി വാ, വാ വാ താമരപ്പെണ്ണേ..കൂടെക്കളിക്കാന്‍ വാ'; സജനയെയും ആശയെയും ചേര്‍ത്ത് ICC-യുടെ VIDEO

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ വിജയം വരിക്കുമ്പോള്‍ മലയാളി താരം സജന സജീവനായിരുന്നു ക്രീസില്‍. എട്ടുപന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കേ, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ റിട്ടയേര്‍ഡ് ഹര്‍ട്ടാവുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ സജനയ്ക്കായിരുന്നു ഇന്ത്യയെ ജയിപ്പിക്കാനുള്ള നിയോഗം. കിട്ടിയ ഒരു പന്ത് ബൗണ്ടറി കടത്തി സ്റ്റൈലിഷായിത്തന്നെ സജന ആ ദൗത്യം പൂര്‍ത്തീകരിച്ചു.
വിധിയെഴുതിയ ആ ഫോറും അതുകഴിഞ്ഞുള്ള സജനയുടെ പവലിയനിലേക്കുള്ള മടക്കവും, ടീമിലെ മറ്റൊരു മലയാളി സാന്നിധ്യമായ ആശാ ശോഭന സജനയെ വന്ന് അഭിനന്ദിക്കുന്നതുമെല്ലാം ചേര്‍ത്ത് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. മോളിവുഡ് സ്റ്റാര്‍ എന്നാണ് റീലിന് ക്യാപ്ഷന്‍ നല്‍കിയത്.
കേരളത്തില്‍ അടുത്തിടെ വലിയ പ്രചാരം നേടിയ നടന്‍ റിയാസ് ഖാന്റെ 'അടിച്ചുകേറി വാ' എന്ന ഡയലോഗ് ചേര്‍ത്തുള്ളതാണ് വീഡിയോ. 'വാ വാ താമരപ്പെണ്ണേ...' എന്ന ഗാനവും പിന്നണിയില്‍ ചേര്‍ത്തിട്ടുണ്ട്. ചിരിച്ചുകൊണ്ട് തിരിച്ചുവരുന്ന സജനയെ, 'അടിച്ചുകേറി വാ' എന്ന ഡയലോഗോടെ ആശാ ശോഭന സ്വീകരിക്കുന്നതാണ് ദൃശ്യങ്ങളില്‍. തുടര്‍ന്ന് ഇരുവരും മറ്റു ടീമംഗങ്ങളും ചേര്‍ന്ന് വിജയാഘോഷം നടത്തുന്നതും വീഡിയോയിലുണ്ട്. ഇതിനിടെ സജനയും അടിച്ചുകേറിവാ എന്ന ഡയലോഗ് ആവര്‍ത്തിക്കുന്നു.
സജന മടങ്ങിവരുന്ന സമയത്താണ് 'കരുമാടിക്കുട്ടന്‍' സിനിമയിലെ വാ വാ താമരപ്പെണ്ണേ, നീയെന്‍ പൂങ്കരളല്ലേ, കൂടെക്കളിക്കാന്‍ വാ...' എന്ന ഗാനം പിന്നണിയില്‍ ചേര്‍ത്തിരിക്കുന്നത്. ഇതാദ്യമായാണ് ഐ.സി.സി. വനിതാ ടി20 ലോകകപ്പില്‍ രണ്ട് മലയാളികള്‍ കളിക്കുന്നത്.
Content Highlights: icc adichukeri va video song including sajana and asha sobhana