‘ദിവസവും അച്ഛൻ്റെ മുന്നിൽ നിന്ന് കരയുമായിരുന്നു’; ‘ഗംഭീറിന്റെ ആളെ’ന്ന വിമർശനം, പോരാടി ഹർഷിത്

ന്യൂഡൽഹി: വൈറ്റ് ബോൾ ക്രിക്കറ്റിൽ ഉഗ്രൻ തിരിച്ചുവരവുമായി ഇന്ത്യൻ പേസർ ഹർഷിത് റാണ. പന്തുകൊണ്ട് മാത്രമല്ല, ബാറ്റുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് താരം. ഇന്ത്യൻ ടീമിൽ സ്ഥിരമായി ഇടംപിടിക്കുന്നത് വൻ വിമർശനങ്ങൾക്ക് വഴിവെക്കുന്ന പശ്ചാത്തലത്തിലാണ് ഗംഭീര ഇന്നിങ്‌സുകളുമായി താരം കളം നിറയുന്നത്. ഗംഭീറുമായുള്ള ബന്ധമാണ് ടീമിൽ ഇടംകിട്ടാൻ കാരണമെന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് സമീപകാലത്തെ താരത്തിന്റെ പ്രകടനം.
ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഏവരുടെയും കയ്യടി നേടിയാണ് ഹർഷിത റാണ മടങ്ങിയത്. എട്ടാമനായിറങ്ങിയ താരം അർധസെഞ്ചുറി തികച്ചാണ് ഇന്ത്യൻ ഇന്നിങ്‌സിന് പ്രതീക്ഷ നൽകിയത്. കോലിക്ക് മികച്ച പിന്തുണ നൽകിയ താരം ടീമിനെ ജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചു. 43 പന്തിൽ 52 റൺസെടുത്താണ് പുറത്തായത്. നാലുവീതം സിക്‌സറുകളും ഫോറുകളും താരം നേടി. മുൻ നിര ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ ഹർഷിത് മിന്നും പ്രകടനം കാഴ്ചവെച്ചു. ഓൾറൗണ്ടർ എന്ന നിലയിൽ കൂടി തിളങ്ങാൻ സാധിക്കുമെന്ന പ്രഖ്യാപനം കൂടി നടത്തിയാണ് റാണ മടങ്ങിയത്.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ രണ്ട് ഓപ്പണർമാരും ചെറിയ സ്കോറിൽ പുറത്തായശേഷം, നിതീഷ് കുമാർ റെഡ്ഡി (57 പന്തിൽ 53), ഹർഷിത് റാണ (43 പന്തിൽ 52) എന്നിവരെ കൂട്ടുപിടിച്ച് വിരാട് കോലി (124) നടത്തിയ തിരിച്ചടിയാണ് ഇന്ത്യയെ മത്സരത്തിൽ കരകയറ്റിയത്. കോലിയും ഹർഷിതും ക്രീസിൽ നിൽക്കേ, ഇന്ത്യയ്ക്ക് ജയിക്കാൻ അവസാന ഏഴ് ഓവറിൽ 68 റൺസ് മതിയായിരുന്നു. എന്നാൽ 44-ാം ഓവറിൽ സാക് ഫോക്സിന്റെ പന്തിൽ ഹർഷിതിനെ ഹെൻറി നിക്കോൾസ് ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കിയതോടെയാണ് കളി മാറുന്നത്. കോലി-റാണ സഖ്യം ഏഴാം വിക്കറ്റിൽ 99 റൺസാണ് ചേർത്തത്.
സമീപകാലത്ത് വൻ വിമർശനങ്ങൾ നേരിട്ടിരുന്നുവെങ്കിലും തന്റെ പ്രകടനം കൊണ്ട് മറുപടി നൽകുകയാണ് താരം. നിലവിൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ ടീമിലെ സ്ഥിരസാന്നിധ്യമാണ് ഹർഷിത്. ഇപ്പോൾ പരാജയങ്ങളെ എങ്ങനെ നേരിടണമെന്ന് തനിക്കറിയാമെന്നാണ് ഹർഷിത് നേരത്തേ പ്രതികരിച്ചത്. ഞാൻ തിരഞ്ഞെടുക്കപ്പെടാതെ പോയ ആ 10 വർഷങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ട്രയലുകളിൽ പങ്കെടുക്കുമായിരുന്നു, എൻ്റെ പേര് ഒരിക്കലും വരില്ല. ഞാൻ തിരിച്ചുവന്ന് എല്ലാ ദിവസവും അച്ഛൻ്റെ മുന്നിൽ കരയുമായിരുന്നു." ഹർഷിത് ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ വെളിപ്പെടുത്തി.
"ഇപ്പോൾ, പരാജയങ്ങൾ മാഞ്ഞുപോയതായി എനിക്ക് തോന്നുന്നു. എന്തൊക്കെ സംഭവിച്ചാലും എനിക്ക് അതിനെ നേരിടാൻ കഴിയും. എന്റെ പ്രതീക്ഷകൾ നശിച്ചുപോയിരുന്നു,എന്നാൽ എൻ്റെ അച്ഛൻ എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു."- അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: harshit rana performance india newzealand