ഇന്ത്യക്കായി കളിച്ചത് രണ്ട് ഏകദിനങ്ങൾ, രഞ്ജിയിൽ ഒരു ഇന്നിങ്‌സിൽ 9 വിക്കറ്റ് നേടി ഹർഷ് ദുബെ

#സ്പോർട്സ് ഡെസ്ക്
ഹർഷ് ദുബെ | ANI
ഹർഷ് ദുബെ | ANI

ന്യൂഡൽഹി: രഞ്ജി ട്രോഫിയിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യൻ സ്പിന്നർ ഹർഷ് ദുബെ. മധ്യപ്രദേശിനെതിരേ കളത്തിലിറങ്ങിയ ദുബെ വിദർഭയ്ക്കായി ഒൻപത് വിക്കറ്റുകളാണ് പിഴുതെടുത്തത്. ദുബെയുടെ തകർപ്പൻ ബൗളിങ്ങിൽ മധ്യപ്രദേശ് 209 റൺസിന് ഓൾഔട്ടായി. നചികേത് ഭൂട്ടെയാണ് ശേഷിച്ച വിക്കറ്റെടുത്തത്.

ആദ്യ ഇന്നിങ്‌സിൽ ടീം അഞ്ചുറൺസിൽ നിൽക്കേയാണ് മധ്യപ്രദേശിന് ആദ്യവിക്കറ്റ് നഷ്ടമാകുന്നത്. മധ്യപ്രദേശ് ഓപ്പണർ യാഷ് ദുബെയെ(5) നചികേത് പുറത്താക്കി. പിന്നീടങ്ങോട്ട് ഹർഷ് ദുബെയുടെ അവിസ്മരണീയ ബൗളിങ്ങിനാണ് മൈതാനം സാക്ഷ്യം വഹിച്ചത്. തുടരെത്തുടരെ വിക്കറ്റുകൾ വീഴ്ത്തിയ ദുബെ മധ്യപ്രദേശിനെ പ്രതിരോധത്തിലാക്കി. 64 റൺസിനിടെ ടീമിന് അഞ്ചുവിക്കറ്റുകൾ നഷ്ടമായി. ഇതിൽ നാലുവിക്കറ്റുകളും ഹർഷ് ദുബെയാണ് വീഴ്ത്തിയത്. ആറാം വിക്കറ്റിൽ സാരാൻഷ് ജെയിനും അഥർവ് മഹാജനും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയതോടെയാണ് ടീം നൂറുകടക്കുന്നത്.

സാരാൻഷ് ജെയിനെ പുറത്താക്കി ഹർഷ് തന്നെ കൂട്ടുകെട്ട് പൊളിച്ചു. ഇരുവരും 72 റൺസാണ് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു. ഹർഷ് ദുബെയുടെ ബൗളിങ്ങിന് മുന്നിൽ മധ്യപ്രദേശ് ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. അഞ്ചുവിക്കറ്റുകൾ കൂടി നേടി താരം മധ്യപ്രദേശിനെ ഓൾഔട്ടാക്കി. ആദ്യഇന്നിങ്‌സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദർഭ 56-4 എന്ന നിലയിലാണ്.

ഇന്ത്യക്കായി രണ്ട് ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഹർഷ് ദുബെ. വിദർഭയ്ക്കായി ഒരു ഇന്നിങ്‌സിൽ ഒൻപത് വിക്കറ്റുകളെടുക്കുന്ന ആദ്യതാരമെന്ന നേട്ടവും ഇന്ത്യൻ സ്പിന്നർ സ്വന്തമാക്കി. 53 റൺസ് മാത്രം വിട്ടുകൊടുത്താണ് താരം ഒൻപത് വിക്കറ്റെടുത്തത്.

Content Highlights: Harsh Dubey took 9 wickets for 53 runs against Madhya Pradesh., He became the first Vidarbha bowler to take 9 wickets in a single innings