കുടിച്ച് ലക്കുകെട്ട് നൈറ്റ് ക്ലബ്ബിൽ അടിപിടി, ബ്രൂക്കിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചേക്കും

#ന്യൂസ് ഡെസ്‌ക്‌
ഹാരി ബ്രൂക്ക് | Photo: AP
ഹാരി ബ്രൂക്ക് | Photo: AP

ലണ്ടൻ: ആഷസ് പരമ്പരയിലെ ദയനീയ തോൽവിക്കു പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ ഹാരി ബ്രൂക്കിന് കനത്ത തിരിച്ചടി. ആഷസിന്‌ മുമ്പ് നടന്ന ന്യൂസീലൻഡ് പര്യടനത്തിനിടെ മദ്യപിച്ച് ലക്കുകെട്ട് നൈറ്റ് ക്ലബ്ബിൽ കയറാൻ ശ്രമിച്ച താരം പ്രശ്‌നങ്ങൾ സൃഷ്ടിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ ഇംഗ്ലണ്ട് നിശ്ചിത ഓവർ ടീമിന്റെ ക്യാപ്റ്റനായ ബ്രൂക്കിന്റെ സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്.

നവംബർ ഒന്നിന് വെല്ലിങ്ടണിൽ, ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിന്റെ തലേന്നായിരുന്നു സംഭവം. മദ്യപിച്ച ശേഷം നൈറ്റ് ക്ലബ്ബിൽ കയറാൻ ശ്രമിച്ച ബ്രൂക്കിനെ, അവിടത്തെ ബൗൺസർ തടയുകയായിരുന്നു. തുടർന്ന് ബ്രൂക്കും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ചൂടേറിയ വാഗ്വാദമുണ്ടാകുകയും ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് പോകുകയുമായിരുന്നു. ബ്രൂക്കിന് ബൗൺസറിൽ ഒരാളുടെ ഇടിയേറ്റിരുന്നു. പക്ഷേ താരത്തിന് കാര്യമായ പരിക്കേറ്റിരുന്നില്ല.

ഇതുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് താരത്തെ താക്കീത് ചെയ്തിരുന്നു. കരാർ ചട്ടങ്ങൾ ലംഘിച്ചതിന് 30,000 പൗണ്ട് പിഴ ചുമത്തുകയും ചെയ്തു. ജേക്കബ് ബെത്തെൽ, ഗസ് അറ്റികിൻസൺ എന്നിവരും ബ്രൂക്കിനൊപ്പം പുറത്തുപോയിരുന്നെങ്കിലും ഇരുവരും നൈറ്റ് ക്ലബ്ബിലേക്ക് പോയിരുന്നില്ല. പുറത്തുപോകുന്ന കാര്യം ടീം അധികൃതരെ ബ്രൂക്ക് അറിയിച്ചിരുന്നു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് നൈറ്റ് ക്ലബ്ബ് അധികൃതരോ സുരക്ഷാ ജീവനക്കാരനോ പരാതി നൽകാതിരുന്നത് ബ്രൂക്കിന് രക്ഷയായി. ഇതോടെയാണ് അച്ചടക്ക നടപടി താക്കീതിലും പിഴയിലും ഒതുങ്ങിയത്.

സംഭവത്തിനു പിന്നാലെ നടന്ന മത്സരത്തിൽ ന്യൂസീലൻഡിനെതിരേ ഇംഗ്ലണ്ട് തോറ്റിരുന്നു. ക്യാപ്റ്റനായി ഇറങ്ങിയ ബ്രൂക്ക് പരാജയമായി. മത്സരത്തിൽ 11 പന്തിൽ നിന്ന് വെറും ആറ് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. സംഭവത്തിൽ ബ്രൂക്ക് ക്ഷമാപണം നടത്തിയിരുന്നു. തന്റെ പെരുമാറ്റത്തിൽ ക്ഷമ ചോദിക്കുന്നതായി താരം വ്യക്തമാക്കി.

അതേസമയം രണ്ടാമത്തെയും മൂന്നാമത്തെയും ആഷസ് ടെസ്റ്റുകൾക്കിടയിലുള്ള ഒമ്പത് ദിവസത്തെ ഇടവേളയിൽ ചില ഇംഗ്ലണ്ട് താരങ്ങൾ ആറു ദിവസം തുടർച്ചയായി മദ്യപിക്കുകയായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് ഏറെ വിവാദമായിരുന്നു. ഇംഗ്ലീഷ് മാധ്യമമായ ബിബിസി തന്നെയാണ് ഇംഗ്ലീഷ് താരങ്ങളുടെ മോശം പ്രവണതയെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. രണ്ടാം ടെസ്റ്റ് അവസാനിച്ച ഡിസംബർ ഏഴിനും മൂന്നാം ടെസ്റ്റ് ആരംഭിച്ച ഡിസംബർ 17-നും ഇടയിൽ, ഇംഗ്ലണ്ട് ടീം ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലെ നൂസ ബീച്ച് റിസോർട്ടിൽ നാല് രാത്രികളാണ് ചെലവഴിച്ചത്.

ഇംഗ്ലണ്ട് ടീമിലെ ചില താരങ്ങൾ ബ്രിസ്‌ബേനിലെ രണ്ടാം ടെസ്റ്റിലെ തോൽവിക്കുശേഷം രണ്ട് ദിവസം തുടർച്ചയായി മദ്യപിക്കുകയായിരുന്നുവെന്നും ഇതിനുശേഷം നൂസ റിസോർട്ടിലെത്തിയശേഷം നാലു ദിവസത്തോളം മദ്യപാനം തുടർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. നൂസ റിസോർട്ടിന് സമീപത്തുളള റോഡരികിൽ പോലും ഇരുന്ന് താരങ്ങൾ മദ്യപിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇക്കൂട്ടത്തിൽ ബ്രൂക്കിന്റെ ചിത്രവും ഉണ്ടായിരുന്നു.

Content Highlights: England`s Harry Brook faced a harsh reality check after a nightclub scuffle in New Zealand. Learn about the incident, consequences, and potential impact on his captaincy.