മുഖത്തോട് മുഖം നോക്കാതെ ഹർമൻപ്രീതും സ്മൃതിയും; നേതൃമാറ്റത്തിനു പിന്നാലെ ഡ്രസ്സിങ് റൂമിലെ ഭിന്നതകൾ പുറത്ത്

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Getty Images
Photo: Getty Images

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ നേതൃമാറ്റത്തിനു പിന്നാലെ ഡ്രസ്സിങ് റൂമിലെ ഭിന്നതകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയുടെഅധ്യക്ഷതയിൽ ഗുവാഹത്തിയിൽ വെച്ച് നടന്ന ബിസിസിഐ റിവ്യൂ യോഗത്തിന് ശേഷമായിരുന്നു ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റിലെയും ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത്. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും ഹെഡ് കോച്ച് അമോൽ മജുംദാറും പങ്കെടുത്ത യോഗത്തിൽ ഒരു ഫോർമാറ്റിൽ (പ്രത്യേകിച്ച് ഏകദിനങ്ങളിൽ) ക്യാപ്റ്റനായി തുടരാൻ ബിസിസിഐ ഹർമൻപ്രീതിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ഹർമൻ നിരസിക്കുകയായിരുന്നു എന്നാണ് വിവരം. ടീമിൽ നേതൃമാറ്റം അനിവാര്യമാണെന്ന് യോഗത്തിൽ ബിസിസിഐ വ്യക്തമാക്കിയതോടെ ഹർമൻപ്രീത് സ്വയം രാജിവെക്കുകയായിരുന്നു. ഇതോടെ സ്മൃതി മന്ദാന ഇന്ത്യയുടെ ക്യാപ്റ്റനാകും.

അതേസമയം ക്യാപ്റ്റൻസി വിഷയത്തെച്ചൊല്ലി ഹർമൻപ്രീതും സ്മൃതിയും തമ്മിൽ അഭിപ്രായവ്യത്യാസത്തിലായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെ ഒരു കാലത്ത് അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഇരുവരും തമ്മിൽ കുറച്ചുകാലമായി നേർക്കുനേർ സംസാരിക്കാറില്ലായിരുന്നുവെന്നും, ഇത് ഡ്രസ്സിങ് റൂമിൽ വലിയ അസ്വസ്ഥതയ്ക്കും ഭിന്നതയ്ക്കും വഴിവെച്ചതായും ടീം വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം നാട്ടിൽ നടന്ന ഏകദിന ലോകകപ്പ് കിരീടനേട്ടത്തോടെ ഇന്ത്യ ഐസിസി ട്രോഫി വരൾച്ച അവസാനിപ്പിച്ചെങ്കിലും, ക്യാപ്റ്റൻസിയിൽ മാറ്റമില്ലാതെ തുടർന്നതിൽ സ്മൃതി മന്ദാനയ്ക്ക് അതൃപ്തിയുണ്ടായിരുന്നു.

യുകെയിൽ നടന്ന ടി20 ലോകകപ്പിലെ തോൽവിക്ക് ശേഷം മുൻ ക്യാപ്റ്റൻ മിതാലി രാജ് സെലക്ടർമാരുടെ തീരുമാനങ്ങളെ വിമർശിച്ചിരുന്നു. ഹർമൻപ്രീതിന്റെ ഫോമും ഫിറ്റ്‌നസും ചോദ്യം ചെയ്ത മിതാലി, രണ്ട്-മൂന്ന് വർഷം മുമ്പ് തന്നെ മന്ദാനയ്ക്ക് ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻസി നൽകേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. ടി20 ഫോർമാറ്റിൽ ഷെഫാലി വർമയെപ്പോലുള്ള യുവതാരങ്ങളെ ക്യാപ്റ്റനാക്കണമെന്നും അവർ നിർദേശിച്ചിരുന്നു.

ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ നേതൃമാറ്റം കൃത്യമായി നടപ്പിലാക്കുന്നതിൽ സെലക്ടർമാർ പരാജയപ്പെടുന്നത് ഇതാദ്യമല്ല. 2022 ലോകകപ്പിന് ശേഷം മിതാലി രാജിൽ നിന്ന് ഹർമൻപ്രീത് ഏകദിന ക്യാപ്റ്റൻസി ഏറ്റെടുത്തപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധം മോശമായിരുന്നുവെന്നും അത് ടീമിൽ ചേരിതിരിവിന് ഇടയാക്കിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അടുത്ത 2-3 വർഷം കൂടി കളിക്കാരിയായി തുടരാൻ ഹർമൻപ്രീത് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഏഷ്യൻ ഗെയിംസിലും ഏഷ്യാ കപ്പിലും താരം ഫോമിലായിരുന്നില്ല. പുതിയ ക്യാപ്റ്റൻ സ്മൃതി മന്ദാനയ്ക്ക് കീഴിൽ വെറുമൊരു ബാറ്ററായി കളിക്കുമ്പോൾ, ടീമിൽ സ്ഥാനം നിലനിർത്താൻ ഹർമൻപ്രീതിന് തന്റെ പ്രകടനം മെച്ചപ്പെടുത്തേണ്ടി വരും. കൂടാതെ, ഇരുവരും പഴയ ഭിന്നതകൾ മറന്ന് ടീമിന്റെ വിജയത്തിനായി ഒന്നിച്ച് മുന്നോട്ടുപോകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

Content Highlights: Harmanpreet Kaur resigned from all formats of captaincy after a BCCI review meeting in Guwahati., Smriti Mandhana is set to take over as the new captain of the Indian women's cricket team., Reports indicate a growing rift and lack of communication between Harmanpreet and Smriti due to captaincy disputes., Mithali Raj previously criticized the delay in leadership transition and questioned Harmanpreet's form and fitness.