നൃത്തം ചെയ്ത് ട്രോഫി സ്വീകരിക്കാനെത്തി, പിന്നാലെ കാലില്‍ തൊടാന്‍ ഹര്‍മന്‍പ്രീതിന്റെ ശ്രമം; സ്‌നേഹപൂര്‍വം തടഞ്ഞ് ജയ് ഷാ

Photo: PTI
Photo: PTI

നവി മുംബൈ: ഐസിസി വനിതാ ലോകകപ്പ് വിജയത്തിനു പിന്നാലെ ട്രോഫി സ്വീകരിക്കാനെത്തിയപ്പോള്‍ ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ കാലില്‍ തൊടാന്‍ ശ്രമിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. എന്നാല്‍ ഹര്‍മന്റെ ശ്രമം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ജയ് ഷാ താരത്തെ തടഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ലോകകപ്പ് ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചത് ജയ് ഷാ ആയിരുന്നു. ഹര്‍മന്‍പ്രീതാണ് ട്രോഫി സ്വീകരിക്കാനായി പോഡിയത്തിലെത്തിയത്. പഞ്ചാബി നൃത്തച്ചുടവുകളുമായാണ് ഹര്‍മന്‍ ട്രോഫി സ്വീകരിക്കാന്‍ എത്തിയത്. ജയ് ഷായ്ക്ക് ഒരു അതിശക്തമായ ഹസ്തദാനവും നല്‍കി. പിന്നാലെയായിരുന്നു കാലില്‍ തൊടാനുള്ള ശ്രമം. എന്നാല്‍ ഇത് നിഷേധിച്ച ജയ് ഷാ ഉടന്‍ തന്നെ താരത്തിന് ട്രോഫി കൈമാറുകായിരുന്നു.

വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉയര്‍ച്ചയില്‍ ജയ് ഷായ്ക്കും വലിയ പങ്കുണ്ട്. ബിസിസിഐ സെക്രട്ടറി എന്ന നിലയില്‍, വനിതാ ക്രിക്കറ്റിലെ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യമായ മാച്ച് ഫീ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും ഉറപ്പാക്കിയ നടപടിയായിരുന്നു അതില്‍ പ്രധാനപ്പെട്ടത്.

1978-ല്‍ അന്താരാഷ്ട്ര ഏകദിനം കളിച്ചുതുടങ്ങിയ ഇന്ത്യന്‍ വനിതകളുടെ ആദ്യ ലോകകപ്പ് നേട്ടമാണിത്. പുരുഷ ടീമിന്റെ നാലു ലോകകപ്പുകള്‍ക്കൊപ്പം ചേര്‍ത്തുവെക്കാന്‍ ഒരു പൊന്‍കിരീടം. ഞായറാഴ്ച രാത്രി, മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ നാല്‍പ്പതിനായിരത്തിലേറെ ഇന്ത്യന്‍ ആരാധകരുടെ ആരവങ്ങള്‍ക്കിടയിലാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും കിരീടമുയര്‍ത്തിയത്. ആവേശം നിറഞ്ഞുനിന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.

Content Highlights: Indian Captain Harmanpreet Kaur`s heartwarming attempt to touch Jay Shah`s feet after receiving the ICC Women`s World Cup trophy. Viral moment sparking discussions.