‘ബഹിഷ്‌കരണമൊക്കെ എവിടെ പോയി?’ പാക് താരത്തിന് കൈകൊടുത്ത് ഹര്‍ഭജന്‍; സംഭവം അബുദാബി ടി10 ലീഗില്‍, വിമര്‍ശനം | Video

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Screengrab/ x.com/Rnawaz0/
Photo: Screengrab/ x.com/Rnawaz0/

അബുദാബി: അബുദാബി ടി10 ലീഗ് മത്സരത്തിനിടെ പാകിസ്താന്‍ ക്രിക്കറ്റ് താരത്തിന് ഹസ്തദാനം നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിങ്. ഹര്‍ഭജന്‍ പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഷാനവാസ് ദഹാനിയ്ക്ക് ഹസ്തദാനം നല്‍കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരത്തിനെതിരേ ഒരു വിഭാഗം വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്. ടൂര്‍ണമെന്റില്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനെതിരേ ആസ്പിന്‍ സ്റ്റാലിയന്‍സിനെ നയിച്ചത് ഹര്‍ഭജനായിരുന്നു. ബുധനാഴ്ച സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം നാലു റണ്‍സിന് തോറ്റതിനു ശേഷമാണ് അവസാന ഓവര്‍ എറിഞ്ഞ ദാഹിനിക്ക് ഹര്‍ഭജന്‍ കൈ കൊടുത്തത്.

ഈ വര്‍ഷം ആദ്യം പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്താന്‍ ബന്ധം വഷളായ സാഹചര്യത്തിലാണ് കായിക രംഗത്തും ഇന്ത്യ-പാക് താരങ്ങള്‍ ഹസ്തദാനം ഒഴിവാക്കിത്തുടങ്ങിയത്. ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സര ശേഷം പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയിരുന്നില്ല. ടോസിന്റെ സമയത്തു പോലും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയ്ക്ക് കൈ കൊടുത്തിരുന്നില്ല. ടൂര്‍ണമെന്റില്‍ ഫൈനലടക്കമുള്ള മത്സരങ്ങളിലും ഈ ഹസ്തദാനം ഒഴിവാക്കല്‍ തുടര്‍ന്നു.

പിന്നീട് ലോകകപ്പില്‍ വനിതാ ടീമും പാക് ടീമിന് കൈ കൊടുത്തിരുന്നില്ല. മാത്രമല്ല ലോക ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹര്‍ഭജന്‍, ശിഖര്‍ ധവാന്‍, യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, സുരേഷ് റെയ്‌ന എന്നിവരടക്കമുള്ള താരങ്ങള്‍ പാകിസ്താനെതിരേ കളിക്കാന്‍ തന്നെ വിസമ്മതിച്ചിരുന്നു. ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നതിനിടെയാണ് ഹര്‍ഭജന്‍ തന്നെ പാക് താരത്തിന് ഹസ്തദാനം നല്‍കിയിരിക്കുന്നത്.

Content Highlights: Former Indian cricketer Harbhajan Singh offered a handshake to Pakistani player Shahnawaz Dahani during the Abu Dhabi T10 League, sparking discussions amid strained India-Pakistan relations.