എന്തുകൊണ്ട് വ്യത്യസ്ത നിയമങ്ങൾ?; സഞ്ജുവിനെ ഒഴിവാക്കി അഭിഷേകിനെ ടീമിലുൾപ്പെടുത്തിയതിനെതിരെ വിമർശം

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
അഭിഷേക് ശര്‍മ/ സഞ്ജു സാംസണ്‍ | Photo: ANI/  PTI
അഭിഷേക് ശര്‍മ/ സഞ്ജു സാംസണ്‍ | Photo: ANI/ PTI

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിൽ സഞ്ജു സാംസണെ ഒഴിവാക്കി അഭിഷേക് ശർമയെ ഉൾപ്പെടുത്തിയതിനെതിരെ ഇന്ത്യൻ താരം ഹനുമ വിഹാരി. മോശം ഫോമിലായിട്ടും അഭിഷേകിന് അവസരം ലഭിച്ചത് ടീം തിരഞ്ഞെടുപ്പിലെ അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും അഭിഷേക് പരാജയമായതിന് പിന്നാലെയായിരുന്നു ഹനുമ വിഹാരിയുടെ പ്രതികരണം. മൂന്നാം മത്സരത്തിൽ മോശം ഫോം തുടർന്ന അഭിഷേക് രണ്ട് റൺസ് മാത്രമാണ് നേടിയത്.

സഞ്ജു സാംസൺ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായകമായിട്ടും അവസരം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹനുമ വിഹാരി ചോദിക്കുന്നു. 'ലോകകപ്പിന് മുമ്പുള്ള അഞ്ച് മത്സരങ്ങളിൽ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല. ആദ്യ ഇലവനിൽ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് അദ്ദേഹം തിരിച്ചുവന്ന് ടൂർണമെന്റിലെ മികച്ച താരമായി. അതേ ടൂർണമെന്റിൽ അഭിഷേക് എത്ര റൺസാണ് നേടിയത്?

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഒരു അർധ സെഞ്ചുറി ഒഴികെ മറ്റ് മികച്ച സ്‌കോറുകളൊന്നും ഉണ്ടായിട്ടില്ല. ഇരുപതോ മുപ്പതോ പോലുമില്ല. അവസാന എട്ട് മത്സരങ്ങളിൽ ഒരു അർദ്ധ സെഞ്ചുറി മാത്രം. ലോകകപ്പ് കൂടി ഉൾപ്പെടുത്തിയാൽ അവസാന 18 മത്സരങ്ങളിൽ മൂന്ന് അർദ്ധ സെഞ്ചുറികൾ.'-ഹനുമ വിഹാരി വ്യക്തമാക്കി.

ട്വന്റി 20 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിക്കുന്നതിൽ സഞ്ജു വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഹനുമ വിഹാരി പറഞ്ഞു. മൂന്ന് തുടർച്ചയായ അർദ്ധ സെഞ്ചുറികൾ നേടിയിട്ടും വാണിജ്യപരമായ കാരണങ്ങളാൽ സെലക്ടർമാകുടെ പ്രധാന തിരഞ്ഞെടുപ്പായി വൈഭവ് സൂര്യവംശി മാറി. ഇതോടെ അവസാന ഇലവനിൽ നിന്ന് സഞ്ജു പുറത്തായി. 'ലോകകപ്പിൽ സഞ്ജു എത്ര മത്സരങ്ങൾ കളിച്ചു? മൂന്ന്. മൂന്നിലും അർദ്ധ സെഞ്ചുറികൾ. അഞ്ച് മത്സരങ്ങളിൽ അഭിഷേകിന്റെ ഉയർന്ന സ്‌കോർ 16 ആണ്. എന്തുകൊണ്ടാണ് ആരും ഇതിനെ കുറിച്ച് സംസാരിക്കാത്തത്. സഞ്ജുവിനെ കുറിച്ച് പറയുമ്പോൾ അവർ പറയുന്നു, സ്ഥിരതയില്ലാത്ത താരമാണെന്ന്. അത് ശരിയാണ്. പക്ഷേ അദ്ദേഹത്തിന് സമ്മർദ്ദം നിറഞ്ഞ മത്സരങ്ങളിൽ വിജയമൊരുക്കാൻ കഴിയും. ഐപിഎല്ലിലും സഞ്ജു മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് വ്യത്യസ്ത കളിക്കാർക്ക് വ്യത്യസ്ത നിയമങ്ങൾ'-ഹനുമ വിഹാരി ചോദിക്കുന്നു.

Content Highlights: Hanuma Vihari criticizes the unfair selection criteria in the Indian cricket team., Comparison between Sanju Samson's consistent performance and Abhishek Sharma's poor form., Highlighting the lack of opportunities for Samson despite his T20 World Cup contributions., Vihari questions why different standards are applied to different players regarding consistency.