വൻതുക പിഴയും ഡിമെറിറ്റ് പോയിന്റും; പാക് ക്യാപ്റ്റന് പിന്നാലെ മറ്റൊരു താരത്തിനെതിരേയും ഐസിസിയുടെ നടപടി

ഗുല്‍ ഫിറോസ | Photo: Getty Images
ഗുല്‍ ഫിറോസ | Photo: Getty Images

ദുബായ്: ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് പിന്നാലെ ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പാകിസ്താൻ താരം ഗുൽ ഫിറോസയ്‌ക്കെതിരേയും നടപടിയെടുത്ത് ഐസിസി. ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അമ്പയറുടെ തീരുമാനത്തെ എതിർത്തതിനാണ് ഗുൽ ഫിറോസയ്‌ക്കെതിരെ നടപടിയെടുത്തത്. മാച്ച് ഫീയുടെ പത്ത് ശതമാനം പിഴയയായി അടയ്ക്കണം. കൂടാതെ ഒരു ഡിമെറിറ്റ് പോയിന്റും ഫിറോസയ്‌ക്കെതിരെ ചുമത്തും.

പാക് ഇന്നിങ്‌സിന്റെ അഞ്ചാം ഓവറിൽ ഗുൽ ഫിറോസ എൽബിഡബ്ല്യു ആയിരുന്നു. എന്നാൽ അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത് പന്ത് ബാറ്റിൽ തട്ടിയിട്ടുണ്ടെന്ന് ഗുൽ ഫിറോസ ചൂണ്ടിക്കാട്ടി. അമ്പയറെ തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തു. അന്താരാഷ്ട്ര മത്സരത്തിനിടയിൽ അമ്പയറുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുള്ള ആർട്ടിക്കിൾ 2.8-ലെ ലെവൽ 1 ലംഘനമാണ് പാക് താരം നടത്തിയത്.

24 മാസത്തിനുള്ളിൽ ഫിറോസെയുടെ രണ്ടാമത്തെ ഡിമെറിറ്റ് പോയിന്റാണിത്. കഴിഞ്ഞ ജൂണിൽ ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 ലോകകപ്പ് മത്സരത്തിനിടേയും മോശം പെരുമാറ്റത്തെ തുടർന്ന് ഗുൽ ഫിറോസയ്ക്ക് ഡിമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു. അന്ന് ഔട്ടായതിന് ശേഷം ബാറ്റും ഗ്ലൗസും ദേഷ്യത്തോടെ വലിച്ചെറിയുകയായിരുന്നു.

നേരത്തെ ഇന്ത്യക്കെതിരായ മത്സരത്തിൽ ഷെഫാലി വർമയെ പുറത്താക്കിയപ്പോൾ പ്രകോപനപരമായ ആംഗ്യം കാണിച്ചതിനെ തുടർന്നാണ് ഫാത്തിമ സനയ്‌ക്കെതിരെ ഐസിസി നടപടിയെടുത്തത്. പിഴയും ഡിമെറിറ്റ് പോയിന്റുമാണ് ഫാത്തിമ സനയ്ക്കും ശിക്ഷയായി ലഭിച്ചത്. ഹോങ്കോങ്ങിനെതിരെ മത്സരത്തിൽ വിജയിച്ച് പാകിസ്താൻ ഏഷ്യാ കപ്പിന്റെ സെമിലെത്തി. ശ്രീലങ്കയാണ് സെമി ഫൈനലിൽ അവരുടെ എതിരാളികൾ. മറ്റൊരു സെമിയിൽ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും.

Content Highlights: Pakistan batter Gull Feroza fined 10% of her match fee for a Level 1 ICC Code of Conduct breach., The incident occurred during the Women's Asia Cup match against Hong Kong in Dubai., Feroza showed dissent at an umpire's decision by showing her bat after being given LBW., She received one demerit point, bringing her total to two within a 24-month period.