തട്ടിയും മുട്ടിയും 137 പന്തുകള്‍, റണ്‍സ് പൂജ്യം; ബെസ്റ്റ്‌വിക്ക് ആരാ മോന്‍

ലണ്ടൻ: നേരിട്ട പന്തുകളെ പ്രതിരോധിക്കുന്നതിനൊപ്പം റണ്ണെടുക്കാതിരിക്കാനും ഇയാൻ ബെസ്റ്റ്‌വിക്ക് അതിജാഗ്രത പുലർത്തിയെന്ന് ക്രിക്കറ്റ് പ്രേമികളാരെങ്കിലും വിചാരിച്ചാൽ അവരെ കുറ്റംപറയാൻ പറ്റില്ല. സ്കോർ ബോർഡിൽ താരത്തിന്റെ പേരിനുനേരെ പൂജ്യം റൺസ് നോട്ടൗട്ടാണ്. നേരിട്ട പന്തുകൾ കണ്ടാലാണ് ഞെട്ടുക. 137 എണ്ണം. ഇംഗ്ലണ്ടിലെ ഡെർബിഷെയർ കൗണ്ടി ലീഗ് ക്രിക്കറ്റ് ഒമ്പതാം ഡിവിഷനിലാണ് ഈ ‘അദ്‌ഭുത പ്രകടനം’.
ഡാർലെ അബ്ബി ക്രിക്കറ്റ് ക്ലബ്ബ് ഫോർത്ത് ഇലവനായാണ് ഇന്നിങ്‌സ് ഓപ്പൺ ചെയ്ത ഇയാൻ പാറപോലെ ക്രീസിൽ ഉറച്ചുനിന്നത്. 71 പന്തിൽ നാല് റൺസ് നേടിയ തോമസ് ബെസ്റ്റ് വിക്കിനെ കൂട്ടുപിടിച്ചതോടെ 45 ഓവറിൽ ടീം നേടിയത് നാല് വിക്കറ്റിന് 21 റൺസ്. ടീമിന്റെ എതിരാളികളായ മിക്ക്‌ലിയോവർ ക്രിക്കറ്റ് ക്ലബ്ബ് തേഡ് ഇലവൻ ആദ്യം ബാറ്റുചെയ്ത് 35 ഓവറിൽ നാല് വിക്കറ്റിന് 271 റൺസെടുത്തിരുന്നു. 186 റൺസ് നേടിയ മാത് തോംപ്‌സൺ ടീമിനായി തിളങ്ങി. എന്തായാലും മത്സരം സമനിലയിലായി. ലീഡ് ലഭിച്ച മിക്ക് ലിയോവറിന് 18 പോയിന്റും അബ്ബി ക്ലബ്ബിന് മൂന്ന് പോയിന്റും ലഭിച്ചു. ലീഗിലെ ഏഴ് മുതൽ 10 വരെയുള്ള ഡിവിഷനിൽ മൊത്തം 80 ഓവറാണ് മത്സരം. ആദ്യം ബാറ്റുചെയ്യുന്ന ടീം 40 ഓവറിൽ താഴെയാണ് ബാറ്റു ചെയ്തതെങ്കിൽ രണ്ടാമത് ബാറ്റുചെയ്യുന്ന ടീമിന് അവശേഷിക്കുന്ന ഓവറുകൾകൂടി ലഭിക്കും. ബോണസ് പോയിന്റിൽ ഇത് പ്രതിഫലിക്കുകയും ചെയ്യും.
Content Highlights: global attention for ian bestwick 0 not out off 137