ഗംഭീറിന്റെ ആദ്യ പരീക്ഷണം ലങ്കയ്‌ക്കെതിരേ; ശ്രീലങ്കയും പുതിയ പരിശീലകന്റെ കീഴില്‍

ന്യൂഡല്‍ഹി: പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര ശ്രീലങ്കയ്‌ക്കെതിരേ ജൂലൈ 26 മുതല്‍ ആരംഭിക്കും. മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശ്രീലങ്കയും പുതിയ പരിശീലകന് കീഴിലാണ് പരമ്പര കളിക്കാനെത്തുന്നത്. ശ്രീലങ്കയുടെ താത്കാലിക കോച്ചായി മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയെ നിയമിച്ചിട്ടുണ്ട്.
ജൂലൈ 26, 27,29 തീയതികളിലാണ് ടി20 മത്സരങ്ങള്‍ നടക്കുന്നത്. ഏകദിന മത്സരങ്ങള്‍ ഓഗസ്റ്റ് 1, 4,7 തീയതികളിലും നടക്കും. ടി20 മത്സരങ്ങള്‍ക്ക് ശ്രീലങ്കയിലെ പല്ലക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകും. ഏകദിനമത്സരങ്ങള്‍ കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് നടക്കുക. സിംബാബ്വേയ്‌ക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയ്ക്ക് ശേഷമാകും ലങ്കയിലെ വൈറ്റ് ബോള്‍ പരമ്പര.
അതേസമയം ഏകദിന പരമ്പരയില്‍ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബംറ എന്നിവരുടെ സേവനം ഇന്ത്യയ്ക്ക് ലഭ്യമായേക്കില്ല. ഏകദിന പരമ്പരയില്‍ കെ.എല്‍ രാഹുലും ടി20 യില്‍ ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ നയിക്കും. പരമ്പരയ്ക്ക് മുന്നേ ശ്രീലങ്കയുടെ ടി20 നായകനായ വാനിന്ദു ഹസരങ്ക ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു.
Content Highlights: Gautam Gambhir To Make Coaching Debut against srilanka