ഷഫാലിക്ക് പുറത്തേക്കുള്ള വഴി കാണിച്ച് പാക് ക്യാപ്റ്റൻ; പിറകെ വിമർശനവും പരിഹാസവും

#സ്പോർട്സ് ഡെസ്ക്
ഫാത്തിമ സന വിക്കറ്റ് നേട്ടം ആ​ഘോഷിക്കുന്നു | X.com/@Vipintiwari952
ഫാത്തിമ സന വിക്കറ്റ് നേട്ടം ആ​ഘോഷിക്കുന്നു | X.com/@Vipintiwari952

ന്യൂഡൽഹി: വനിതാ ഏഷ്യാകപ്പിൽ ഇന്ത്യക്കെതിരേ നാണംകെട്ട തോൽവിയാണ് പാകിസ്താൻ വഴങ്ങിയത്. ഏഴു വിക്കറ്റിനാണ് ഇന്ത്യയോട് തോറ്റത്. പാകിസ്താനെ 55 റൺസിന് എറിഞ്ഞിട്ട ഇന്ത്യ 8.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് പാക് ക്യാപ്റ്റൻ ഫാത്തിമ സനയാണ്. അതേസമയം ഷഫഫാലിയെ പുറത്താക്കിയശേഷമുള്ള സനയുടെ വിക്കറ്റാഘോഷം ചർച്ചയായി.

രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് ഷഫാലി വർമ പുറത്തായത്. ആറുപന്തിൽ നിന്ന് താരം 12 റൺസെടുത്തു. ഷഫാലി വർമയെ, പന്തെറിഞ്ഞ പാക് ക്യാപ്റ്റൻ തന്നെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. എന്നാൽ ക്യാച്ചെടുത്തതിന് പിന്നാലെ ഫാത്തിമ സന പ്രത്യേക രീതിയിലാണ് വിക്കറ്റാഘോഷം നടത്തിയത്. ഷഫാലിയ്ക്ക് നേരേ തിരിഞ്ഞ് പുറത്തേക്കുള്ള വഴി കാണിച്ചു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

അതേസമയം സനയുടെ ഈ നടപടി വൻ തോതിൽ വിമർശിക്കപ്പെട്ടു. വെറും 55 റൺസിന് പുറത്തായിട്ടും എങ്ങനെയാണ് ഇത്തരത്തിൽ ആഘോഷപ്രകടനം നടത്താനാവുന്നതെന്ന് പലരും ചോദിച്ചു. പാക് ക്യാപ്റ്റൻ സ്വയം പരിഹാസ്യമാവുകയാണെന്നും അഭിപ്രായങ്ങളുയർന്നു.

18-2 എന്ന നിലയിൽ നിന്ന് മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഹർമൻപ്രീത് കൗറും സ്മൃതി മന്ദാനയുമാണ് പിന്നീട് ഇന്ത്യൻ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ മന്ദാനയെയും പുറത്താക്കി ഫാത്തിമ സന പാകിസ്താന് ചെറിയ പ്രതീക്ഷ സമ്മാനിച്ചു. ഒൻപത് റൺസെടുത്താണ് മന്ദാന മടങ്ങിയത്. എന്നാൽ നാലാം വിക്കറ്റിൽ ഹർമൻപ്രീതും ദീപ്തിയും ചേർന്ന് ഇന്ത്യയെ അനായാസം ജയത്തിലെത്തിച്ചു. ഹർമൻപ്രീത് 18 റൺസും ദീപ്തി 12 റൺസുമെടുത്ത് പുറത്താകാതെ നിന്നു.

Content Highlights: Pakistan captain Fatima Sana faced social media backlash for an aggressive send-off to Shafali Verma.