മസ്തിഷ്‌കാഘാതം, പിതാവ് ഗുരുതരാവസ്ഥയില്‍; ദീപക് ചാഹറിന് ദക്ഷിണാഫ്രിക്കന്‍ പര്യടനം നഷ്ടമായേക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം ദീപക് ചാഹറിന് ദക്ഷിണാഫ്രിക്കന്‍ പര്യടനം നഷ്ടമാകാന്‍ സാധ്യത. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചാഹറിന്റെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ടി20 ടീമുകളില്‍ ചാഹര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പര്യടനത്തിനായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു.
ഈ മാസം രണ്ടിന് അലിഗഢിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ചാഹറിന്റെ പിതാവ് ലോകേന്ദ്ര സിങ്ങിന് മസ്തിഷ്‌കാഘാതം സംഭവിക്കുന്നത്. പിന്നാലെ ഓസ്‌ട്രേലിയന്‍ ടി20 പരമ്പരയ്ക്കുള്ള ടീമിലുണ്ടായിരുന്ന ചാഹര്‍ ടീം ക്യാമ്പ് വിട്ടിരുന്നു. പരമ്പരയിലെ അവസാന മത്സരത്തില്‍ താരം കളിച്ചിരുന്നുമില്ല.
ഈ സാഹചര്യത്തില്‍ പിതാവിന്റെ കൂടെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ പങ്കെടുക്കാനാവില്ലെന്നും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും സെലക്ടര്‍മാരെയും അറിയിച്ചിട്ടുണ്ടെന്ന് ചാഹര്‍ മാധ്യമങ്ങളോട് പറഞ്ഞു.
''എന്നെ സംബന്ധിച്ചിടത്തോളം അച്ഛനാണ് എനിക്ക് ഏറ്റവും പ്രധാനം. അദ്ദേഹമാണ് എന്നെ ഒരു ക്രിക്കറ്റ് താരമായി വളര്‍ത്തിയത്. ഈ അവസ്ഥയില്‍ അദ്ദേഹത്തെ വിട്ട് എങ്ങോട്ടും വരാന്‍ സാധിക്കില്ല. പിതാവ് അപകടനില തരണം ചെയ്താല്‍ ടീമിനൊപ്പം ചേരാന്‍ താല്‍പര്യമുണ്ട്. ഇക്കാര്യം മാനേജ്‌മെന്റിനെ ധരിപ്പിച്ചിട്ടുണ്ട്.'' - ചാഹര്‍ പറഞ്ഞു.
ഈ മാസം 10-നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. ഏകദിന പരമ്പര 17-ന് തുടങ്ങും.
Content Highlights: Father s Medical Emergency Deepak Chahar may miss south african tour