മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഒന്‍പത് വിക്കറ്റിന് തകര്‍ത്തു, ഇംഗ്ലണ്ടിന് പരമ്പര

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റിന് വിജയിച്ചാണ് ആതിഥേയരായ ഇംഗ്ലണ്ട് പരമ്പര നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 118, 169. ഇംഗ്ലണ്ട് 158, ഒന്നിന് 130.
ആദ്യടെസ്റ്റില്‍ പരാജയപ്പെട്ട ഇംഗ്ലണ്ട് പിന്നീടുള്ള രണ്ട് ടെസ്റ്റുകളിലും വിജയം നേടി 2-1 ന് പരമ്പര നേടി. മത്സരത്തിലെ താരമായി ഇംഗ്ലണ്ടിന്റെ ഒലി റോബിന്‍സണെയും പരമ്പരയുടെ താരമായി ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയെയും തിരഞ്ഞെടുത്തു.
മൂന്നാം ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ വെറും 118 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ചുവിക്കറ്റെടുത്ത റോബിന്‍സണാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 30 റണ്‍സെടുത്ത ബൗളര്‍ മാര്‍ക്കോ യാന്‍സണാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനും അടിതെറ്റി. വെറും 158 റണ്‍സിന് ആതിഥേയര്‍ ഓള്‍ ഔട്ടായി. ബാറ്റിങ്ങില്‍ തിളങ്ങിയ യാന്‍സണ്‍ അഞ്ചുവിക്കറ്റെടുത്ത് ബൗളിങ്ങിലും കൊടുങ്കാറ്റായി. 67 റണ്‍സ് നേടിയ ഒലി പോപ്പാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 40 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് നേടിയത്. ഇത് മറികടക്കാനായി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക വെറും 169 റണ്‍സിന് ഓള്‍ ഔട്ടായി. 36 റണ്‍സെടുത്ത ഡീന്‍ എല്‍ഗര്‍ മാത്രമാണ് പിടിച്ചുനിന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ബെന്‍ സ്റ്റോക്‌സും സ്റ്റിയൂവര്‍ട്ട് ബ്രോഡും ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 130 റണ്‍സായി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ക്ഷമയോടെ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 69 റണ്‍സെടുത്ത സാക് ക്രോളിയുടെയും 39 റണ്‍സ് നേടിയ അലക്‌സ് ലീസിന്റെയും പ്രകടനമികവില്‍ വിജയം നേടി.
പുതിയ നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെയും പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെയും കീഴില്‍ ഇംഗ്ലണ്ട് കഴിഞ്ഞ ഏഴ് ടെസ്റ്റുകളില്‍ നേടുന്ന ആറാം വിജയമാണിത്. ഡീന്‍ എല്‍ഗാര്‍ കഴിഞ്ഞ വര്‍ഷം നായകനായ ശേഷം ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഒരു ടെസ്റ്റ് പരമ്പരയില്‍ തോല്‍ക്കുന്നത്.
Content Highlights: england vs south africa, eng vs sa, england cricket, sports news, cricket, cricket news