രണ്ടാം ടെസ്റ്റിലും ന്യൂസീലന്‍ഡിനെ കീഴടക്കി പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

Photo: twitter.com/ICC
Photo: twitter.com/ICC

ട്രെന്റ് ബ്രിഡ്ജ്: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് അഞ്ചുവിക്കറ്റ് വിജയം. ന്യൂസീലന്‍ഡ്  ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. സെഞ്ചുറി നേടിയ ജോണി ബെയര്‍സ്‌റ്റോ ആണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പി.

ഈ വിജയത്തോടെ ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ആദ്യ ടെസ്റ്റിലും ഇംഗ്ലണ്ട് വിജയം നേടിയിരുന്നു. സ്‌കോര്‍: ന്യൂസീലന്‍ഡ് 553, 284. ഇംഗ്ലണ്ട് 539, അഞ്ചിന് 299.

ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 93 റണ്‍സ് എന്ന നിലയില്‍ പരുങ്ങിയതാണ്. എന്നാല്‍ പിന്നീട് ക്രീസിലൊന്നിച്ച ബെയര്‍‌സ്റ്റോ-നായകന്‍ ബെന്‍ സ്‌റ്റോക്‌സ് സഖ്യം ഇംഗ്ലണ്ടിനെ രക്ഷിച്ചു. ബെയര്‍സ്‌റ്റോ 92 പന്തുകളില്‍ നിന്ന് 136 റണ്‍സെടുത്തപ്പോള്‍ സ്‌റ്റോക്‌സ് പുറത്താവാതെ 75 റണ്‍സെടുത്തു. ഇവരുടെ കൂട്ടുകെട്ട് ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായകമായി. 

ആദ്യ ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡ് 553 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങില്‍ 539 റണ്‍സ് നേടി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡ് 284 റണ്‍സിന് പുറത്തായി. ഇതാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന് നിര്‍ണായകമായത്. രണ്ടാം ഇന്നിങ്‌സില്‍ കിവീസിനായി ട്രെന്റ് ബോള്‍ട്ട് മൂന്നുവിക്കറ്റെടുത്തു.

Content Highlights: england vs new zealand, cricket test match, nz vs eng, eng vs nz, cricket