ബാബർ അസമിന് പനി, പാകിസ്താന് ആശങ്ക; വൈറ്റ് വാഷ് ഒഴിവാക്കാൻ തീവ്രശ്രമം

#സ്പോർട്സ് ഡെസ്ക്
ബാബർ അസം | AP
ബാബർ അസം | AP

ലണ്ടൻ: ഇംഗ്ലണ്ടിനെതിരേ മൂന്നാം ടെസ്റ്റിന് തയ്യാറെടുക്കുന്ന പാകിസ്താന് വീണ്ടും ആശങ്ക. നായകൻ ബാബർ അസം പനി ബാധിച്ചതിനാൽ മൂന്നാം ടെസ്റ്റിൽ കളിക്കുമോയെന്ന് ഉറപ്പില്ല. അവസാന ടെസ്റ്റിന് മുന്നോടിയായി ഏഴ് താരങ്ങളെ നാട്ടിലേക്ക് തിരികെവിളിച്ചിരിക്കുകയാണ് പാക് ബോർഡ്. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ് നാണംകെട്ട പാകിസ്താൻ വൈറ്റ് വാഷ് ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

പാക് ടീം മാനേജർ നവീദ് അക്രം ചീമയാണ് ബാബർ അസമിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടത്. താരത്തിന് പനിയാണെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉടൻതന്നെ സുഖംപ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് ടീം. ബാബറിന് കളിക്കാനായില്ലെങ്കിൽ അത് പാകിസ്താനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ബാബർ അസം പരിക്ക് മൂലം കളിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റിൽ കളിച്ചെങ്കിലും നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സിൽ എട്ട് റൺസും രണ്ടാം ഇന്നിങ്‌സിൽ ആറ് റൺസുമാണ് താരം നേടിയത്. മത്സരത്തിലാകട്ടെ 194 റൺസിന്റെ വൻ പരാജയമാണ് പാകിസ്താൻ ഏറ്റുവാങ്ങിയത്. 2022-ൽ കിവീസിനെതിരേ സെഞ്ചുറി നേടിയശേഷം പിന്നീട് ടെസ്റ്റിൽ മൂന്നക്കം തൊടാൻ ബാബറിന് കഴിഞ്ഞിട്ടില്ല.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോൽവികൾക്ക് പിന്നാലെ കടുത്ത നടപടികൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് കൈകൊണ്ടിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് പിന്നാലെ ടീമിലെ ഏഴ് താരങ്ങളെയും പരിശീലകരെയും പിസിബി നാട്ടിലേക്ക് തിരികെ വിളിച്ചു. മുഹമ്മദ് റിസ്വാൻ, സൽമാൻ അലി ആഗ, ഇമാം ഉൾ ഹഖ്, അലി ഉസ്മാൻ, ആമിർ ജമാൽ, മുഹമ്മദ് അവൈസ് സഫർ, ഖുറം ഷഹ്സാദ് എന്നിവരെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്.

ഇവർക്ക് പകരം ഇതുവരെ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ലാത്ത അഞ്ച് പുതിയ താരങ്ങളെയും (അറഫാത്ത് മിൻഹാസ്, മുഹമ്മദ് ഇമ്രാൻ ജൂനിയർ, സാദ് ബെയ്ഗ്, മുഹമ്മദ് ഇമ്രാൻ രൺധാവ, റസാവുള്ള) ആകെ 10 മത്സരങ്ങൾ മാത്രം കളിച്ച് പരിചയമുള്ള സയിം അയൂബ്, അബ്ദുള്ള ഫസൽ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം വൈറ്റ് ബോൾ ടീം പരിശീലകരായ മൈക്ക് ഹെസ്സൻ, ആഷ്ലി നോഫ്‌കെ എന്നിവരെ ടെസ്റ്റ് ടീമിന്റെ പരിശീലക സംഘത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.