ഇംഗ്ലണ്ടിനെ മഴ ചതിച്ചു; ആഷസ് കിരീടം ഓസീസ് നിലനിര്‍ത്തി

മാഞ്ചെസ്റ്റര്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ അഞ്ചാം ദിനം പെയ്ത കനത്തമഴയില്‍ ഒലിച്ചുപോയത് ആഷസ് പരമ്പര തിരിച്ചുപിടിക്കാമെന്ന ഇംഗ്ലണ്ടിന്റെ സ്വപ്നമായിരുന്നു. നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയസാധ്യത നിലനില്‍ക്കെ രണ്ടുദിവസം പെയ്ത മഴ ആതിഥേയരെ കണ്ണീരിലാഴ്ത്തി. അഞ്ചാംദിവസം ഒറ്റപ്പന്തുപോലും എറിയാന്‍ കഴിയാതായതോടെ മത്സരം സമനിലയിലായി. ഇതോടെ ഓസ്ട്രേലിയ ആഷസ് ക്രിക്കറ്റ് കിരീടം നിലനിര്‍ത്തി.
സ്‌കോര്‍: ഇംഗ്ലണ്ട് 592/10. ഓസ്ട്രേലിയ 317/10, 214/5. അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2-1ന് മുന്നിലാണ്. ഇനി അവശേഷിക്കുന്ന ഏകടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍പ്പോലും പരമ്പര 2-2ന് തുല്യമാകും. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് ആഷസ് കിരീടം നിലനിര്‍ത്താനാകും.
നാലാം ടെസ്റ്റില്‍ 275 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുനേടിയ ഇംഗ്ലണ്ടിന് കളിയില്‍ വ്യക്തമായ മേധാവിത്വമുണ്ടായിരുന്നു. രണ്ടാം ഇന്നിങ്സില്‍ ഓസീസ് അഞ്ചിന് 214 എന്നനിലയില്‍ പരുങ്ങുമ്പോഴാണ് രക്ഷകനായി മഴയെത്തിയത്. അപ്പോള്‍ ടീം 61 റണ്‍സിന് പിന്നിലായിരുന്നു. പിന്നീടൊരു സെഷന്‍ കളിക്കാന്‍ കിട്ടിയിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് ആശിക്കാന്‍ വകയുണ്ടായിരുന്നു. എന്നാല്‍, മഴ അതിനനുവദിച്ചില്ല.
മഴസാധ്യത മുന്നില്‍ക്കണ്ടാണ് ഇംഗ്ലണ്ട് തങ്ങളുടെ ഇന്നിങ്സ് അതിവേഗം കളിച്ചത്. 107 ഓവറില്‍ 5.49 റണ്‍ശരാശരിയിലാണ് അവര്‍ 592 റണ്‍സ് അടിച്ചെടുത്തത്. സാക് ക്രോളി (189), ജോണി ബെയര്‍സ്റ്റോ (99), ജോ റൂട്ട് (84) എന്നിവര്‍ നേതൃത്വം നല്‍കി. വമ്പന്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസീസിന് അടിതെറ്റിയിരുന്നു. മാര്‍നെസ് ലബുഷെയ്ന്റെ സെഞ്ചുറി(111)യാണ് ടീമിന് ആശ്വാസമായത്. 31 റണ്‍സോടെ മിച്ചല്‍ മാര്‍ഷും മൂന്നുറണ്‍സോടെ കാമറൂണ്‍ ഗ്രീനുമാണ് ക്രീസിലുണ്ടായിരുന്നത്. നാലാം ദിവസം ഉച്ചഭക്ഷണത്തിന് മുമ്പും ചായക്കുശേഷവും കളി നടന്നില്ല. അഞ്ചാംദിനം ഒറ്റ ഓവര്‍പോലും പന്തെറിയാനായില്ല. കനത്തമഴയില്‍ മൈതാനം കുതിര്‍ന്നതോടെ മത്സരം സമനിലയിലായി. അവസാന ടെസ്റ്റ് ഓവലില്‍ വ്യാഴാഴ്ച ആരംഭിക്കും.
Content Highlights: England vs Australia 4th test ends in a draw Australia retains the Ashes 2023