ആഷസിനുശേഷം ക്രിക്കറ്റിനോട് വിടപറയും, തീരുമാനവുമായി സ്റ്റ്യുവര്‍ട്ട് ബ്രോഡ്

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബൗളര്‍മാരിലൊരാളായ സ്റ്റ്യുവര്‍ട്ട് ബ്രോഡ് ആഷസ് പരമ്പരയ്ക്ക് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. ഓവലില്‍ വെച്ച് നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റിനുശേഷമാണ് താരം ക്രിക്കറ്റിനോട് വിടപറയുക. മത്സരത്തിന്റെ മൂന്നാം ദിനമാണ് ബ്രോഡ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
37 കാരനായ ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ പേസ് ബൗളറും അഞ്ചാമത്തെ ബൗളറുമാണ്. ആഷസ് പരമ്പരയിലൂടെ ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് നേട്ടം 600 ആക്കി ഉയര്‍ത്തിയിരുന്നു. ' ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റാണ് എന്റെ കരിയറിലെ അവസാന ക്രിക്കറ്റ് മത്സരം. മനോഹരമായ ഒരു യാത്രയായിരുന്നു ഇത്. ഇംഗ്ലണ്ടിന്റെയും നോട്ടിങ്ങാംഷയറിന്റെയും കുപ്പായം അണിയാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്'- ബ്രോഡ് പറഞ്ഞു.
മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ക്രിസ് ബ്രോഡിന്റെ മകനായ സ്റ്റിയുവര്‍ട്ട് ബ്രോഡ് 2006 ഓഗസ്റ്റ് 28-ാണ് ആദ്യമായി ഇംഗ്ലണ്ടിന്റെ കുപ്പായമണിഞ്ഞത്. ട്വന്റി 20 മത്സരത്തിലൂടെ അരങ്ങേറ്റം നടത്തിയ താരം പിന്നീട് ഏകദിന-ടെസ്റ്റ് ടീമുകളുടെ ഭാഗമായി. 2014-ല്‍ ട്വന്റി 20യും 2016-ല്‍ ഏകദിനവും നിര്‍ത്തിയ ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ ചെലുത്തുകയായിരുന്നു.
ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ 167 മത്സരങ്ങള്‍ കളിച്ച താരം ഇതുവരെ 602 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 121 ഏകദിനങ്ങളില്‍ നിന്ന് 178 വിക്കറ്റുകളും 56 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 65 വിക്കറ്റുകളും സ്വന്തമാക്കി. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ രണ്ടാമത്തെ ബൗളര്‍ കൂടിയാണ് ബ്രോഡ്.
Content Highlights: England Pace Great Stuart Broad To Retire After Fifth Ashes Test