ഡിക്ലയർ ചെയ്യാതെ രണ്ട് ദിവസവും ബാറ്റ് ചെയ്തത് വെറുതെയല്ല, ഈസ്റ്റ് സോൺ കണക്കുകൂട്ടിയത് ആ നിയമം വെച്ച്

#സ്പോർട്സ് ഡെസ്ക്
ഇഷാൻ കിഷൻ | PTI
ഇഷാൻ കിഷൻ | PTI

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലിലെ ആദ്യ ഇന്നിങ്‌സിൽ സൗത്ത് സോണിനെതിരേ കൂറ്റൻ സ്‌കോറാണ് ഈസ്റ്റ് സോൺ ഉയർത്തിയത്. ക്യാപ്റ്റൻ ഇഷാൻ കിഷന്റെ ഇരട്ട സെഞ്ചുറിയുടെ ബലത്തിൽ ടീം 708 റൺസാണ് അടിച്ചെടുത്തത്. തുടർച്ചയായി രണ്ട് ദിവസവും ഈസ്റ്റ് സോൺ ബാറ്റ് ചെയ്തു. 163 ഓവറുകളാണ് ടീം ആകെ ഒന്നാമിന്നിങ്‌സിൽ നേരിട്ടത്. ഡിക്ലയർ ചെയ്യാതെ രണ്ട് ദിവസവും ബാറ്റ് ചെയ്തത് തിരിച്ചടിയാകുമോയെന്ന് ചില ആരാധകർ ഉന്നയിച്ചു. എന്നാൽ ടൂർണമെന്റ് നിയമം മനസിലാക്കി കൃത്യമായ പദ്ധതിയോടെയാണ് ഈസ്റ്റ് സോൺ ബാറ്റ് ചെയ്തത്.

ഒന്നാമിന്നിങ്‌സിൽ ഏതുവിധേനയും ലീഡ് നേടുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈസ്റ്റ് സോൺ പരമാവധി റൺസ് അടിച്ചുകൂട്ടിയത്. കാരണം മത്സരം സമനിലയിൽ അവസാനിച്ചാൽ ഒന്നാമിന്നിങ്‌സ് ലീഡ് നേടുന്ന ടീം ജേതാക്കളാകും. ബിസിസിഐ നിയമത്തിൽ ഇത് സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന റെഡ്‌ബോൾ ക്രിക്കറ്റിലെ നോക്കൗട്ട് മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയാണെങ്കിൽ ഒന്നാമിന്നിങ്‌സ് ലീഡ് പരിഗണിക്കും. ഒന്നാമിന്നിങ്‌സിൽ ലീഡ് നേടുന്ന ടീമിനെ ജേതാക്കളായി പ്രഖ്യാപിക്കും. ദുലീപ് ട്രോഫി, രഞ്ജി ട്രോഫി ഫൈനലുകളിൽ ഈ നിയമം ബാധകമായിരിക്കും.

ഒന്നാമിന്നിങ്‌സിൽ ലീഡ് നേടുകയെന്ന ലക്ഷ്യത്തിലാണ് ഈസ്റ്റ് സോൺ ബാറ്റ് ചെയ്തതെന്ന് വ്യക്തം. 708 റൺസ് നേടിയതോടെ അത് മറിടകടക്കുകയെന്നത് സൗത്ത് സോണിന് വലിയ വെല്ലുവിളിയായിരിക്കും. ഒന്നാമിന്നിങ്‌സിൽ ഈസ്റ്റ് സോൺ ലീഡ് നേടുകയും മത്സരം സമനിലയാകുകയും ചെയ്താൽ ഇഷാനും സംഘവും ജേതാക്കളാകും. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ 242-6 എന്ന നിലയിലാണ് സൗത്ത് സോൺ. ഈസ്റ്റ് സോണിനേക്കാൾ 466 റൺസ് പിന്നിലുമാണ്.

ഈസ്റ്റ് സോണിനായി 334 പന്തിൽ 30 ഫോറും ഏഴ് സിക്‌സറുകളും ഉൾപ്പെടെ 270 റൺസാണ് ഇഷാൻ അടിച്ചെടുത്തത്. സെഞ്ചുറിയുമായി കുമാർ കുശാഗ്ര ഇഷാന് പിന്തുണ നൽകി. 132 പന്തിൽ 101 റൺസാണ് കുശാഗ്ര നേടിയത്. ഇതിൽ എട്ട് ഫോറും അഞ്ച് സിക്‌സറുകളും ഉൾപ്പെടുന്നു. ഇരുവരും അഞ്ചാം വിക്കറ്റിൽ 230 റൺസ് കൂട്ടുകെട്ടുണ്ടാക്കി.

ദുലീപ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവുമുയർന്ന ഏഴാമത്തെ ടീം ടോട്ടലാണിത്. 2010-ന് ശേഷം ദുലീപ് ട്രോഫിയിൽ ഒരു ടീം 700 പിന്നിടുന്നത് ആദ്യമാണ്. 2010-ൽ നോർത്ത് സോണിനെതിരെ വെസ്റ്റ് സോൺ 769 റൺസ് നേടിയിരുന്നു. 1987-ൽ വെസ്റ്റ് സോണിനെതിരെ നോർത്ത് സോൺ നേടിയ 868 റൺസാണ് ദുലീപ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവുമുയർന്ന സ്‌കോർ.

Content Highlights: East Zone scored a massive 708 runs in the first innings of the Duleep Trophy final