അന്ന് ദ്രാവിഡിന്റെ ബാറ്റ് എന്തിലോ തട്ടി; OUT എന്ന് അമ്പയർ, DRS എടുക്കാതെ മടങ്ങി, വില്ലനായത് ഷൂലേസ്

Photo: Screengrab/ x.com
Photo: Screengrab/ x.com

2011-ലെ ഇംഗ്ലണ്ട് പര്യടനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് നിരാശ നിറഞ്ഞതായിരുന്നു. പരമ്പരയില്‍ 4-0ന് ഇന്ത്യ വൈറ്റ്‌വാഷ് ചെയ്യപ്പെട്ടു. ഇംഗ്ലണ്ട് സീമര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം പതറിയപ്പോള്‍ അതില്‍ വേറിട്ടുനിന്നത് അന്ന് 38-കാരനായ രാഹുല്‍ ദ്രാവിഡായിരുന്നു. പരമ്പരയില്‍ മൂന്ന് സെഞ്ചുറികളാണ് താരം നേടിയത്. ഇന്ത്യയുടെ താത്കാലിക ഓപ്പണറെന്ന നിലയില്‍ തന്നെ രണ്ട് സെഞ്ചുറികള്‍ കുറിച്ചു.

ആ പരമ്പരയില്‍ ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മൂന്നാം ടെസ്റ്റ് ദ്രാവിഡിന്റെ വിചിത്രമായ പുറത്താകല്‍ കൊണ്ടാണ് ശ്രദ്ധേയമായത്. ഒന്നാം ഇന്നിങ്‌സില്‍ 224 റണ്‍സിന് പുറത്തായ ഇന്ത്യയ്‌ക്കെതിരേ അലസ്റ്റര്‍ കുക്കിന്റെ 294 റണ്‍സിന്റെയും ഓയിന്‍ മോര്‍ഗന്റെ സെഞ്ചുറിയുടെയും മികവില്‍ 710 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 

രണ്ടാം ഇന്നിങ്‌സില്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുന്നതിനിടെ ജെയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയറിന് ക്യാച്ച് നല്‍കിയാണ് ദ്രാവിഡ് പുറത്താകുന്നത്. എന്നാല്‍ അന്ന് ദ്രാവിഡിന്റെ ബാറ്റില്‍ തട്ടിയത് പന്തായിരുന്നില്ല. അതാണ് ഇതിലെ ട്വിസ്റ്റും.

രണ്ടാം ഇന്നിങ്‌സില്‍ ആന്‍ഡേഴ്‌സന്‍ എറിഞ്ഞ 16-ാം ഓവറിലെ രണ്ടാം പന്തിലാണ് സംഭവം. പന്ത് ദ്രാവിഡിന്റെ ബാറ്റ് കടന്നുപോകുമ്പോള്‍ എല്ലാവരും വലിയ ഒരു ശബ്ദം കേട്ടു. ആന്‍ഡേഴ്‌സനും മാറ്റ് പ്രയറും അപ്പീല്‍ ചെയ്തതോടെ അമ്പയറുടെ വിരലുയര്‍ന്നു. ദ്രാവിഡ് ആകെ ആശയക്കുഴപ്പത്തിലായിരുന്നു. കാരണം പന്ത് തന്റെ ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് ദ്രാവിഡിന് ഉറപ്പായിരുന്നു. പക്ഷേ ശബ്ദം വ്യക്തമായി കേട്ടിരുന്നുതാനും. മറുവശത്തുണ്ടായിരുന്ന സച്ചിനുമായി ദ്രാവിഡ് ഡിആര്‍എസ് എടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. പന്ത് ബാറ്റ് കടന്നുപോകുമ്പോള്‍ ഒരു ശബ്ദം വ്യക്തമായി കേട്ടതായി സച്ചിനും പറഞ്ഞതോടെ റിവ്യൂവിന് ശ്രമിക്കാതെ ദ്രാവിഡ് ഡ്രസ്സിങ് റൂമിലേക്ക് നടന്നു. എന്നാല്‍ പിന്നീട് റീപ്ലേ കണ്ടപ്പോഴാണ് യഥാര്‍ഥ വില്ലനെ മനസിലായത്. ദ്രാവിഡിന്റെ ബാറ്റ് അദ്ദേഹത്തിന്റെ ഷൂലേസിലെ ലോഹഭാഗത്ത് തട്ടിയ ശബ്ദമാണ് അമ്പയറിലടക്കം ആശയക്കുഴപ്പമുണ്ടാക്കിയത്. ഈ ശബ്ദം വ്യക്തമായി കേട്ട് ആകെ ആശയക്കുഴപ്പത്തിലായതിനാല്‍ റിവ്യു എടുക്കാനും ദ്രാവിഡിന് മനസ് വന്നില്ല. 

''ഞാന്‍ പന്ത് ടച്ച് ചെയ്തിട്ടില്ല എന്നുതന്നെയാണ് തോന്നിയത്. പക്ഷേ വലിയ ശബ്ദം ഉണ്ടായിരുന്നു. അത് എവിടെ നിന്നാണ് വന്നതെന്ന് എനിക്ക് മനസ്സിലായില്ല. ബാറ്റ് നിലത്ത് തട്ടിയിട്ടില്ല, എന്റെ പാഡിലോ ഷൂവിലോ തട്ടിയിട്ടില്ലെന്നും എനിക്കറിയാമായിരുന്നു, അതിനാല്‍ ശബ്ദം എവിടെ നിന്നാണ് വന്നതെന്നത് ആശയക്കുഴപ്പമുണ്ടാക്കി. എങ്കിലും പന്തില്‍ ടച്ചുള്ളതായി തോന്നിയില്ല. അതിനാല്‍ ഞാന്‍ എന്റെ ബാറ്റിങ് പങ്കാളിയോട് (സച്ചിന്‍) ചോദിച്ചു, വലിയൊരു ശബ്ദം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച അമ്പയര്‍മാരില്‍ ഒരാളായ സൈമണ്‍ ടോഫലാണ് എന്നെ പുറത്താക്കിയത്. എന്റെ പങ്കാളി അത് ഔട്ടാണെന്ന് പറഞ്ഞു, ഞാന്‍ തന്നെ ശബ്ദം കേട്ടു. ഒരുപക്ഷേ എനിക്ക് എഡ്ജ് അനുഭവപ്പെടാത്ത സന്ദര്‍ഭങ്ങളില്‍ ഒന്ന് മാത്രമായിരിക്കും അതെന്ന് ഞാന്‍ കരുതി.'' - ആ സംഭവത്തിനു ശേഷം ദ്രാവിഡ് ഡെയ്ലി ടെലിഗ്രാഫിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഡ്രസ്സിങ് റൂമില്‍ തിരിച്ചെത്തിയ ഉടന്‍ റീപ്ലേ നോക്കാനാണ് സഹതാരങ്ങള്‍ പറഞ്ഞത്. ഷൂലേസിലാണ് ബാറ്റ് തട്ടിയതെന്ന് ഒരിക്കലും തനിക്ക് ചിന്തിക്കാന്‍ പോലും സാധിച്ചില്ലെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍ 244 റണ്‍സിന് ഓള്‍ഔട്ടായ ഇന്ത്യ ഇന്നിങ്‌സിനും 242 റണ്‍സിനുമാണ് മത്സരം തോറ്റത്. പരമ്പരയില്‍ മൂന്ന് സെഞ്ചുറികളടക്കം 461 റണ്‍സ് നേടിയ ദ്രാവിഡായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Content Highlights: Rahul Dravid`s unusual dismissal in the 2011 England Test. His bat hit his shoelace