രോഹിതിന് ചെരുപ്പുകട, അശ്വിന് ബുക്സ്റ്റാള്‍, സഞ്ജുവിന്... താരങ്ങൾക്ക് ഭാവിയില്‍ പറ്റിയ പണിപറഞ്ഞ് DK

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷവും ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ദിനേശ് കാര്‍ത്തിക്. സ്‌കൈ സ്‌പോര്‍ട്‌സില്‍ കമന്റേറ്ററായും ക്രിക്ബസിനുവേണ്ടി വീഡിയോകള്‍ ചെയ്തും വിരമിച്ചശേഷമുള്ള ജീവിതത്തെ ആനന്ദകരമാക്കുകയാണ് താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം തുടര്‍ന്ന താരം ഇപ്പോള്‍ കമന്ററി രംഗത്ത് മികച്ച രീതിയില്‍ ക്രിക്കറ്റ് വിലയിരുത്തലുകള്‍ നടത്തുകയാണ്.
കഴിഞ്ഞദിവസം ക്രിക്ബസ് പങ്കുവെച്ച ഒരു വീഡിയോയില്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ഭാവിയില്‍ പറ്റിയ ജോലിയേതാണെന്ന് പറയുന്നുണ്ട് ദിനേഷ് കാര്‍ത്തിക്. കെ.എല്‍. രാഹുലിനെയാണ് ആദ്യം പറഞ്ഞത്. ഡ്രസ്സിങ്ങില്‍ നല്ല ബോധമുള്ള വ്യക്തിയായതിനാല്‍ കെ.എല്‍. രാഹുലിന് വസ്ത്രവ്യാപാര രംഗത്തേക്ക് കടക്കാം എന്നാണ് കാര്‍ത്തിക്കിന്റെ നിരീക്ഷണം.
ഋഷഭ് പന്തിനും ഹാര്‍ദിക് പാണ്ഡ്യക്കും ജ്വല്ലറിക്കട തുടങ്ങാം. ഒരു ജ്വല്ലറിക്കട എങ്ങനെ നടത്തിക്കൊണ്ട് പോവണമെന്നതില്‍ ഇരുവര്‍ക്കും നല്ല ഐഡിയയുണ്ട്. വിരാട് കോലിക്ക് റസ്‌റ്റോറന്റാണ് നല്ലത്. ഇതിനകം തന്നെ റസ്‌റ്റോറന്റ് ഉള്ളതിനാല്‍ അദ്ദേഹത്തിന് ഐഡിയ പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല (കോലിക്ക് One8 എന്ന പേരില്‍ സ്‌പോര്‍ട്‌സ് വിയര്‍ ബ്രാന്‍ഡും റസ്റ്റോറന്റുകളുമുണ്ട്).
രവിചന്ദ്രന്‍ അശ്വിന് ബുക് സ്റ്റാള്‍ ഓപ്പണ്‍ ചെയ്ത് അതുമായി മുന്നോട്ടുപോകുന്നതാണ് നല്ലത് (അടുത്തിടെ അദ്ദേഹം 'ഐ ഹാവ് ദ സ്ട്രീറ്റ്‌സ്' എന്ന പുസ്തകമിറക്കിയിരുന്നു). ധോനിക്ക് ഫുട്‌ബോളിനോട് പാഷനുണ്ട്. അതിനാല്‍ ഫുട്‌ബോള്‍ ടര്‍ഫ് തുടങ്ങിയാല്‍ നന്നായിരിക്കും. ധോനിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ ചെന്നൈയിന്‍ എഫ്.സി.യെ സ്വന്തമാക്കാമെന്നും കാര്‍ത്തിക് പറയുന്നു.
ഇതിനിടെ തനിക്കു പറ്റിയ പണിയും കാര്‍ത്തിക് പറഞ്ഞു. ഒരു ഇലക്ട്രോണിക് ഗാഡ്ജറ്റ് ഷോപ്പ് നടത്തുന്നതാണ് തനിക്ക് നല്ലത്. അക്കാര്യത്തില്‍ തനിക്കുള്ള താത്പര്യവും കാര്‍ത്തിക് അറിയിച്ചു. രോഹിത്ശര്മയ്ക്ക് ഫൂട്‌വെയര്‍ ഷോപ്പാണ് നല്ലത്. ഐസ്‌ക്രീം ഇഷ്ടപ്പെടുന്ന ആളായതിനാല്‍ യുസ്‌വേന്ദ്ര ചാഹല്‍ ഐസ്‌ക്രീം പാര്‍ലര്‍ തുടങ്ങിയാല്‍ നന്നായിരിക്കും. അതീവ ഭക്ഷണപ്രിയനായ ചാഹല്‍ പക്ഷേ, കഴിക്കുന്നതിനനുസരിച്ചുള്ള ഭാരമില്ലെന്നും കാര്‍ത്തിക് വീഡിയോയില്‍ വ്യക്തമാക്കി.
അവസാനമായി മലയാളി താരം സഞ്ജു സാംസണിന് പറ്റിയ ജോലിയും കാര്‍ത്തിക് കണ്ടെത്തി. ചായക്കട തുടങ്ങുന്നതാണ് സഞ്ജുവിന് നല്ലതെന്നാണ് കാര്‍ത്തിക്കിന്റെ കണ്ടെത്തല്‍. തേയില, കാപ്പി കൃഷിയില്‍ കേരളം മികച്ചതാണെന്നും അങ്ങനെയുള്ളൊരു സംസ്ഥാനത്തുനിന്നുവരുന്ന സഞ്ജുവിന് ആ ജോലി നന്നായിരിക്കുമെന്നും കാര്‍ത്തിക് പറഞ്ഞു.
Content Highlights: dinesh karthik advises cricketers to open business