കളിനിയന്ത്രിച്ച കിറുക്കന്‍; കപിലിന്റെ ചെകുത്താന്‍മാര്‍ കിരീടം നേടിയ ഫൈനല്‍ നിയന്ത്രിച്ച ഡിക്കി ബേര്‍ഡ്

Photo by AFP
Photo by AFP

ലണ്ടന്‍: കളി തുടങ്ങുന്നതിന് അഞ്ച് മണിക്കൂര്‍ മുന്‍പുതന്നെ സ്റ്റേഡിയത്തിലെത്തുന്ന അമ്പയര്‍. ഇത്തരം കിറുക്കന്‍ സ്വഭാവങ്ങളുള്ള ഇംഗ്ലീഷ് അമ്പയറായിരുന്നു 92-ാം വയസ്സില്‍ ജീവിതത്തില്‍നിന്ന് വിടവാങ്ങിയ ഹരോള്‍ഡ് ഡിക്കി ബേര്‍ഡ്. വീഡിയോ പരിശോധനയും മൂന്നാം അമ്പയറും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ ബേര്‍ഡിന്റെ തീരുമാനങ്ങളെ അധികമാരും ചോദ്യം ചെയ്തിരുന്നില്ല.

ക്ഷിപ്രകോപികളായ കളിക്കാരുടെപോലും ബഹുമാനം പിടിച്ചുപറ്റാനും അവരെ നിയന്ത്രിക്കാനുമുള്ള കഴിവായിരുന്നു ബേര്‍ഡിന്റെ പ്രത്യേകത. മോശം കാലാവസ്ഥയില്‍ കളിനിര്‍ത്തിവെക്കാന്‍ ബേര്‍ഡ് മടികാട്ടിയില്ല. എല്‍ബിഡബ്ല്യു തീരുമാനങ്ങളില്‍ വളരെ സൂക്ഷ്മത പുലര്‍ത്തിയിരുന്നു. യോര്‍ക് ഷെയറിനായും ലെസ്റ്റര്‍ഷെയറിനായും കളിച്ചിരുന്ന ബേര്‍ഡ് പരിക്കിനെത്തുടര്‍ന്ന് 32-ാം വയസ്സില്‍ വിരമിച്ചു. തുടര്‍ന്നാണ് അമ്പയറിങ് രംഗത്തേക്ക് കടന്നത്.

1970-ല്‍ ഇംഗ്ലീഷ് കൗണ്ടി മത്സരം നിയന്ത്രിച്ചുകൊണ്ടായിരുന്നു തുടക്കം. മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിച്ചുതുടങ്ങി. 1975-ലെ പ്രഥമ ഏകദിന ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ചത് ബേര്‍ഡായിരുന്നു. തുടര്‍ന്ന് 1983-ല്‍ ചരിത്രംകുറിച്ച് ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ ബേര്‍ഡായിരുന്നു കളി നിയന്ത്രിച്ചിരുന്നത്. തുടര്‍ന്ന് രണ്ടു ലോകകപ്പുകളുടേയും കിരീടപോരാട്ടത്തിന് ബേര്‍ഡിനെത്തന്നെ നിയോഗിച്ചു. 66 ടെസ്റ്റ് മത്സരങ്ങളില്‍ അമ്പയറായി.

ലോര്‍ഡ്സില്‍ 1996-ല്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിലാണ് അവസാനമായി അമ്പയറുടെ കുപ്പായമണിഞ്ഞത്. രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും ഇന്ത്യക്കായി അരങ്ങേറിയ ടെസ്റ്റായിരുന്നു ഇത്. ഗാര്‍ഡ് ഓഫ് ഓണര്‍ ഒരുക്കിയാണ് കളിക്കാര്‍ ഇംഗ്ലീഷ് അമ്പയറെ ആദരിച്ചത്.

ഗാരി സോബേഴ്സ്, സുനില്‍ ഗാവസ്‌കര്‍, വിവ് റിച്ചാര്‍ഡ്, ഡെന്നീസ് ലില്ലി എന്നിവരാണ് താന്‍ നിയന്ത്രിച്ചവരില്‍ ഏറ്റവും മികച്ച താരങ്ങളായി ബേര്‍ഡ് വിലയിരുത്തിയത്.

Content Highlights: Dickie Bird, the renowned cricket umpire, passed away at 92. Known for his strictness and control, he officiated iconic matches, including three World Cup finals.