മദ്യപിച്ച് വാഹനമോടിക്കൽ; കുറ്റം സമ്മതിച്ച് ഡേവിഡ് വാർണർ, 9 മാസം വരെ തടവുശിക്ഷയ്ക്ക് സാധ്യത

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Getty Images
Photo: Getty Images

സിഡ്നി: മദ്യപിച്ച് വാഹനമോടിച്ച് സംഭവത്തിൽ കോടതിയിൽ കുറ്റം സമ്മതിച്ച് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. സിഡ്നിയിലെ ഒരു പോലീസ് പരിശോധനയ്ക്കിടെയാണ് വാർണർ മദ്യപിച്ചതിന് പോലീസിന്റെ പിടിയിലാകുന്നത്. പരിശോധനയിൽ താരം മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. വാർണർ തന്റെ തെറ്റ് അംഗീകരിച്ചതായും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സിഡ്നിയിലെ കോടതിയിലാണ് വാർണറുടെ അഭിഭാഷകൻ കുറ്റസമ്മതം നടത്തിയത്.

നിലവിൽ സിഡ്നി തണ്ടർ ടീമിന്റെ ക്യാപ്റ്റനായ വാർണർക്കെതിരെയുള്ള ഈ കേസിൽ ഓഗസ്റ്റ് 18-ന് കോടതി വിധി പ്രസ്താവിക്കും. കഴിഞ്ഞദിവസം കോടതിയിൽ ഹാജരായ താരത്തിന്റെ അഭിഭാഷകൻ ബോബി ഹില്ലാണ്, കുറ്റകൃത്യത്തിന്റെ പൂർണ ഉത്തരവാദിത്തം വാർണർ ഏറ്റെടുക്കുന്നതായി അറിയിച്ചത്.

കഴിഞ്ഞ ഏപ്രിൽ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. സിഡ്നിയിലെ മറൂബ്രയിൽ നടന്ന വാഹന പരിശോധനക്കിടെയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് വാർണർ പോലീസിന്റെ പിടിയിലാകുന്നത്. ബ്രത്തലൈസർ പരിശോധനയിൽ പരാജയപ്പെട്ടതോടെ വാർണറെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ വാർണർ ശ്രമം നടത്തിയെങ്കിലും പോലീസ് തടഞ്ഞു. പിന്നീട് വൈദ്യ പരിശോധന നടത്തുകയും അദ്ദേഹത്തിന്റെ രക്തത്തിലെ ആൽക്കഹോളിന്റെ 0.104 ആണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇത് ഓസ്ട്രേലിയയിലെ നിയമപരമായ പരിധിയായ 0.05-ന്റെ ഇരട്ടിയിലധികമാണ്. ഇതോടെ താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

സുഹൃത്തിന്റെ ഫ്‌ളാറ്റിൽ നിന്ന് മൂന്ന് ഗ്ലാസ് വൈൻ കഴിച്ച ശേഷം ടാക്‌സി വിളിക്കുന്നതിന് പകരം സ്വന്തമായി വാഹനമോടിക്കാൻ തീരുമാനിച്ചത് 'അവിവേകവും ബുദ്ധിശൂന്യവുമായ തീരുമാനമായിരുന്നു' എന്ന് വാർണറുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഓഗസ്റ്റ് 18-നാണ് കോടതി വിധി പ്രസ്താവിക്കുക. കുറ്റം തെളിയിക്കപ്പെട്ടാൽ ഒമ്പത് മാസം വരെ തടവോ, 2,200 ഓസ്ട്രേലിയൻ ഡോളർ വരെ പിഴയോ ലഭിക്കാം. കൂടാതെ, ആറ് മുതൽ 12 മാസം വരെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കപ്പെടാനും സാധ്യതയുണ്ട്.

Content Highlights: David Warner pleads guilty to drink driving in Sydney, Blood alcohol level recorded at 0.104, double the legal limit, Verdict scheduled for August 18, Potential penalties include 9 months jail, $2,200 fine, or license suspension