ഋഷഭ് പന്തിന്റെ അമിതഭാരം കീപ്പിങ്ങിനെ ബാധിക്കുന്നു; ഇരുന്ന് എണീക്കാന്‍ പ്രയാസം, ഫിറ്റ്‌നസില്‍ ആശങ്ക

Photo: AFP
Photo: AFP

ന്യൂഡല്‍ഹി: അമിത ഭാരം ഋഷഭ് പന്തിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന പ്രസ്താവനയുമായി മുന്‍ പാകിസ്താന്‍ താരം ഡാനിഷ് കനേരിയ. പന്തിന് 100 ശതമാനം ഫിറ്റ്‌നസുണ്ടോ എന്ന സംശയവും കനേരിയ പ്രകടിപ്പിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മോശം പ്രകടനത്തിനു പിന്നാലെയാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ കനേരിയ പന്തിന്റെ ഫിറ്റ്‌നസിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചത്.

അമിതഭാരം കാരണം പന്തിന് അധികം കുനിയാന്‍ സാധിക്കുന്നില്ലെന്ന കാര്യം താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും അത് വിക്കറ്റ് കീപ്പിങ്ങിനെ ബാധിക്കുന്നുണ്ടെന്നും കനേരിയ പറയുന്നു.

''ഋഷഭ് പന്ത് കീപ്പ് ചെയ്യുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ച കാര്യമുണ്ട്, പേസര്‍മാര്‍ പന്തെറിയുമ്പോള്‍ ഋഷഭ് നന്നായി കുനിഞ്ഞ് പാദത്തിലൂന്നി ഇരിക്കാറില്ല. ഭാരമുള്ളതു കാരണം പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. അദ്ദേഹം 100 ശതമാനം ഫിറ്റാണോ'', കനേരിയ ചോദിക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ ശരീരഭാരം നിയന്ത്രിക്കാനായില്ലെങ്കില്‍ അദ്ദേഹം ടീമിന് പുറത്താകാനുള്ള സാധ്യത ഏറെയാണെന്നും കനേരിയ ചൂണ്ടിക്കാട്ടി.

Content Highlights: Danish Kaneria Criticizes Rishabh Pant s Fitness