'ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തും'; പ്രവചനവുമായി സ്റ്റെയ്ൻ

ലണ്ടന്‍: വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. പരമ്പരയില്‍ ഇംഗ്ലണ്ട് വിജയിക്കുമെന്നാണ് സ്റ്റെയ്ന്‍ പറയുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയും മൂന്ന് മത്സരങ്ങളില്‍ ഇംഗ്ലണ്ടും ജയിക്കുമെന്നും മുന്‍ താരം പ്രവചിക്കുന്നു.
'എല്ലാ മത്സരങ്ങളും കടുത്തതായിരിക്കും. പക്ഷേ വിജയികളുണ്ടാകും. എനിക്ക് തോന്നുന്നത് ഇംഗ്ലണ്ടിന് അനുകൂലമായി 3-2 എന്ന നിലയിലായിരിക്കും പരമ്പര അവസാനിക്കുക. എല്ലാ മത്സരങ്ങളിലും ഫലം ഉണ്ടാകും. ഒരു ടീമും വലിയ മാര്‍ജിനില്‍ ജയിക്കില്ല, അഞ്ച് മത്സരങ്ങളും കടുത്തതായിരിക്കും.'- സറ്റെയിന്‍ ജിയോ ഹോട്സ്റ്റാറിനോട് പറഞ്ഞു.
ജൂണ്‍ 20-മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. തലമുറമാറ്റത്തിനൊരുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ പരീക്ഷണമാണ് ഇംഗ്ലണ്ട് പര്യടനം. രോഹിത് ശർമ വിരമിച്ച പശ്ചാത്തലത്തിൽ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനത്തിലൂടെ വിദര്‍ഭയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം കരുണ്‍ നായര്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. ഐപിഎല്‍ സീസണില്‍ മിന്നും ഫോമിലുള്ള സായ് സുദര്‍ശനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുതിര്‍ന്നതാരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡര്‍ എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണര്‍ റോളിലും നാലാം നമ്പറിലും സെലക്ടർമാർക്ക് താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്. ഇംഗ്ലണ്ട് ടീമിനെ ബെൻ സ്റ്റോക്സാണ് നയിക്കുന്നത്.
Content Highlights: dale steyn prediction england beat india test series