ബലാത്സംഗക്കേസ്; ഐ.പി.എല്‍. മുന്‍ താരത്തിന് എട്ടുവര്‍ഷം തടവും പിഴയും വിധിച്ച് കോടതി

Photo: AFP
Photo: AFP

കാഠ്മണ്ഡു: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ നേപ്പാള്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റനും ഐ.പി.എല്‍. മുന്‍ താരവുമായ സന്ദീപ് ലാമിച്ചനയ്ക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ. ബുധനാഴ്ച കാഠ്മണ്ഡു ജില്ലാ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയടക്കാനും അതിജീവിതയ്ക്ക് രണ്ടുലക്ഷം രൂപ നല്‍കാനും സിംഗിള്‍ ജഡ്ജ് ബെഞ്ച് ഉത്തരവിട്ടു. 

വിധിക്കെതിരേ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ലാമിച്ചനയുടെ അഭിഭാഷകന്‍ സരോജ് ഗിമയര്‍ അറിയിച്ചു. പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായിരുന്നെന്ന് പ്രതിഭാഗത്തിന് തെളിയിക്കാന്‍ കഴിഞ്ഞതിനു പിന്നാലെയാണ് ശിക്ഷ എട്ടുവര്‍ഷവും പിഴയുമായി കുറഞ്ഞത്. നേരത്തേ പ്രായപൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു അതിജീവിതയുടെ ഭാഗം വാദിച്ചിരുന്നത്. 

2022 ഓഗസ്റ്റില്‍ കാഠ്മണ്ഡുവിലെ ഹോട്ടല്‍ മുറിയില്‍വെച്ചാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇതേത്തുടര്‍ന്ന് ഒക്ടോബറില്‍ ലാമിച്ചനയെ അറസ്റ്റുചെയ്തു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. കഴിഞ്ഞ ജനുവരി 13-ന് പഠാന്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഐ.പി.എലില്‍ 2018-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി അരങ്ങേറിയിട്ടുണ്ട് ലാമിച്ചന. നേപ്പാള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും സ്പിന്‍ ബൗളറുമായ താരം ഐ.പി.എലിനു പുറമേ ബഗ്ബാഷ് ലീഗ്, പാകിസ്താന്‍ സൂപര്‍ ലീഗ്, സി.പി.എല്‍ എന്നിവയിലും കളിച്ചിട്ടുണ്ട്. 

Content Highlights: cricketer sandeep lamichhane got jail term for rape