ചാമ്പ്യൻസ് ട്രോഫി ഉദ്ഘാടനമത്സരത്തിൽ ന്യൂസീലൻഡിന് ജയം; പാകിസ്താനെ തോൽപ്പിച്ചത് 60 റൺസിന്
കറാച്ചി: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ആതിഥേയരായ പാകിസ്താന്റെ തുടക്കം തോൽവിയോടെ. ബുധനാഴ്ച ഉദ്ഘാടനമത്സരത്തിൽ ന്യൂസീലൻഡ് 60 റൺസിന് തോൽപ്പിച്ചു. സ്കോർ: ന്യൂസീലൻഡ് 50 ഓവറിൽ അഞ്ചിന് 320, പാകിസ്താൻ 47.2 ഓവറിൽ 260-ന് പുറത്ത്. ഓപ്പണർ വിൽ യങ് (107), അഞ്ചാമനായിറങ്ങിയ ടോം ലാഥം (118*) എന്നിവരുടെ സെഞ്ചുറിയിലൂടെയാണ് ന്യൂസീലൻഡ് മികച്ച ടോട്ടലിൽ എത്തിയത്. ഗ്ലെൻ ഫിലിപ്‌സിന്റെ (39 പന്തിൽ 61) ഇന്നിങ്സും നിർണായകമായി.
മറുപടിബാറ്റിങ്ങിൽ, ഒാപ്പണർ സൗദ് ഷക്കീൽ (6), ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ (3) എന്നിവരെ മടക്കിയ വിൽ ഒറൂർക്കെ തുടക്കത്തിലേ ന്യൂസീലൻഡിന് മേൽക്കൈനൽകി. മറ്റൊരു ഓപ്പണർ ബാബർ അസമിന്റെ (64) ചെറുത്തുനിൽപ്പിന് ഫഖർ സമാൻ (24), സൽമാൻ ആഗ (42) എന്നിവർ തുണനൽകിയെങ്കിലും കൂറ്റൻ സ്കോർ മറികടക്കാനുള്ള വേഗമുണ്ടായിരുന്നില്ല. ഏഴാമനായ കുഷ്ദിൽ ഷാ 49 പന്തിൽ 69 റൺസുമായി ഒറ്റയ്ക്ക് പോരാടിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നതിനാൽ ലക്ഷ്യത്തിൽ എത്തിക്കാനായില്ല. ന്യൂസീലൻഡിനുവേണ്ടി ഒറൂർക്കെയും മിച്ചൽ സാന്റ്നറും മൂന്നുവീതം വിക്കറ്റ് നേടി. മാറ്റ് ഹെൻറിക്ക് രണ്ടുവിക്കറ്റുണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്യാൻ നിയോഗിക്കപ്പെട്ട കിവീസ് ആദ്യ 20 ഓവറിൽ മൂന്നിന് 93 എന്നനിലയിലായിരുന്നു. അവസാന 10 ഓവറിൽ 113 റൺസെടുത്താണ് പാകിസ്താനെ പ്രതിരോധത്തിലാക്കിയത്.
ഓപ്പണർ ഡെവൻ കോൺവെ (10), കെയ്ൻ വില്യംസൺ (1), ഡാരിൽ മിച്ചൽ (10) എന്നിവർ മടങ്ങുന്പോൾ മൂന്നിന് 73 എന്നനിലയിലായിരുന്നു. ഇവിടെവെച്ച് ഒത്തുചേർന്ന വിൽ യങ്-ടോം ലാഥം സഖ്യം 126 പന്തിൽ 118 റൺസ് ചേർത്ത് അക്ഷരാർഥത്തിൽ കളി തട്ടിയെടുത്തു. പിന്നീട് ഒന്നിച്ച ലാഥം-ഗ്ലെൻ ഫിലിപ്‌സ് സഖ്യം 74 പന്തിൽ 125 റൺസുമായി നിറഞ്ഞാടി. പാകിസ്താന്റെ ഷഹീൻ ഷാ അഫ്രിഡി 10 ഓവറിൽ 68 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റ് ഇല്ല. നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ രണ്ടുവിക്കറ്റുവീതം നേടി.
Content Highlights: champions trophy cricket new zealand vs pakistan