അമ്പയര്‍ ഔട്ട് വിധിച്ചതിലെ കലിപ്പ്; ഹെല്‍മറ്റ് അടിച്ചുപറത്തി ബൗണ്ടറി കടത്തി വിന്‍ഡീസ് താരം | VIDEO

ലീഗ് ക്രിക്കറ്റില്‍ അമ്പയര്‍ ഔട്ട് വിധിച്ചതിലെ ദേഷ്യം അടക്കാനാവാതെ ഹെല്‍മറ്റ് അടിച്ച് ബൗണ്ടറി കടത്തി വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രത്ത്‌വെയ്റ്റ്. കെയ്മന്‍ ഐലന്‍ഡ്‌സില്‍ നടന്ന ടി10 ലീഗിനിടെയാണ് സംഭവം. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഡഗ്ഔട്ടിലേക്ക് തിരിച്ചുകയറുന്നതിനിടെ ബാറ്റ് വലിച്ചെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.
ടി10 ലീഗ് ക്വാളിഫയറില്‍ ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്‌സിനുവേണ്ടി ബാറ്റുചെയ്യുകയായിരുന്നു ബ്രത്ത്‌വെയ്റ്റ്. ഗ്രാന്‍ഡ് കെയ്മന്‍ ജാഗ്വേഴ്‌സുമായായിരുന്നു മത്സരം. മികച്ച പ്രകടനവുമായി ബ്രാത്ത്‌വെയ്റ്റ് ക്രീസില്‍ തുടരവേ, ജാഗ്വര്‍ താരം ജോഷ്വ ലിറ്റിലിന്റെ ഷോര്‍ട്ട് ബോളില്‍ കീപ്പറിന് ക്യാച്ചായി. അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍, റീപ്ലേയില്‍ പന്ത് ബ്രത്ത്‌വെയ്റ്റിന്റെ ഷോള്‍ഡറില്‍ തട്ടിയാണ് കീപ്പര്‍ ബെന്‍ ഡങ്കിന്റെ കൈകളിലേക്ക് പോയതെന്ന് വ്യക്തമായി. അമ്പയറുടെ തീരുമാനത്തില്‍ കലിപൂണ്ട ബ്രത്ത്‌വെയ്റ്റ് തന്റെ നിരാശ അദ്ദേഹത്തെ അറിയിച്ചു.
പുറത്താവുന്നതിന്റെ തൊട്ടുമുന്‍പത്തെ പന്തില്‍ സിക്‌സ് നേടിയിരുന്നു. ഗ്രൗണ്ടില്‍നിന്ന് മടങ്ങിപ്പോവുമ്പോഴും ബ്രത്ത്‌വെയ്റ്റിന്റെ കലിയടങ്ങിയിരുന്നില്ല. സ്വന്തം ഹെല്‍മെറ്റ് ഊരി ബാറ്റുകൊണ്ട് അടിച്ചുപറത്തി ബൗണ്ടറി ലൈന്‍ കടത്തി. തുടര്‍ന്ന് ഡഗ്ഔട്ടിലേക്ക് തിരികെക്കയറുന്നതിനിടെ ബാറ്റെറിഞ്ഞും അരിശം തീര്‍ത്തു. മത്സരത്തില്‍ ബ്രത്ത്‌വെയ്റ്റിന്റെ ടീമായ ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്‌സ് എട്ട് റണ്‍സിന് ജയിച്ച് ഫൈനലിലെത്തി.
Content Highlights: carlos braithwaite hits helmet out of the ground after dicey dismissal