പരിശീലനത്തിനായി ഇന്ത്യയ്ക്ക് പഴയ പിച്ച്, ഓസ്‌ട്രേലിയയ്ക്ക് പുത്തനും; ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിവാദം

മെല്‍ബണ്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിന് ഇന്ത്യയ്ക്ക് അനുവദിച്ച പിച്ചുമായി ബന്ധപ്പെട്ട് വിവാദം. ഇന്ത്യന്‍ താരങ്ങള്‍ക്ക് നെറ്റ് പ്രാക്ടീസിനായി പഴയ പിച്ചുകളാണ് നല്‍കിയതെന്നാണ് പരാതി. അതേസമയം പുതിയ പിച്ചിലാണ് ഓസീസ് താരങ്ങള്‍ പരിശീലനം നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പേസ് ബൗളര്‍ ആകാശ്ദീപ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയും ചെയ്തു. "ഈ പിച്ചുകൾ വൈറ്റ് ബോള്‍ ക്രിക്കറ്റിന് വേണ്ടി മാത്രം തയ്യാറാക്കിയതാണെന്ന് തോന്നുന്നു. ബൗണ്‍സ് കുറവാണ്. പരീശലനത്തില്‍ ഇങ്ങനെയുണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ വലിയ ആശങ്കകളൊന്നുമില്ല", ആകാശ്ദീപ് വ്യക്തമാക്കി.
ശനിയും ഞായറും ഇന്ത്യന്‍ ടീം പരിശീലനം നടത്തിയത് ഈ പിച്ചുകളിലായിരുന്നു. പന്ത് നേരിടുന്നതിനിടയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ രോഹിത് നാലാം ടെസ്റ്റില്‍ കളിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
നല്ല പേസും ബൗണ്‍സുമുള്ള പിച്ചുകളിലാണ് ഓസ്‌ട്രേലിയയുടെ പരിശീലനം. ചൊവ്വാഴ്ച്ച മുതല്‍ ഇന്ത്യയും ഇത്തരം പിച്ചുകളിലാണ് പരിശീലനം നേടുകയെന്നാണ് മെല്‍ബണ്‍ പിച്ച് ക്യൂറേറ്റര്‍ മാറ്റ് പേജിന്റെ വിശദീകരണം. മത്സരത്തിന് മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഇത്തരം പിച്ചുകള്‍ ടീമുകള്‍ക്ക് അനുവദിക്കുകയുള്ളൂവെന്നും തിങ്കളാഴ്ച്ച ഇന്ത്യക്ക് പരിശീലനം ഇല്ലായിരുന്നുവെന്നും മാറ്റ് പേജ് കൂട്ടിച്ചേര്‍ത്തു.
Content Highlights: boxing day test used practice pitches for india new for australia