ഭുവനേശ്വറിന്റെ തിരിച്ചുവരവിൽ അഗാർക്കറെ ഉന്നമിട്ട് മുൻ താരം, ഷമിയും വരുമെന്ന് പ്രതികരണം

ന്യൂഡൽഹി: വെറ്ററൻ പേസർ ഭുവനേശ്വർ കുമാറിന്റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് അദ്ഭുതകരമെന്ന് മുൻ ഇന്ത്യൻ താരം സദഗോപൻ രമേശ്. ടീം തിരഞ്ഞെടുപ്പിൽ ബിസിസിഐയുടെ ചിന്താഗതിയിലും മാറ്റം വന്നിട്ടുണ്ടെന്നും പ്രായം തടസ്സമാണെന്ന് കരുതിയിരുന്ന സെലക്ടർ പടിയിറങ്ങിയതിനു ശേഷമാണ് സെലക്ഷൻ കമ്മിറ്റി ഇത്തരത്തിൽ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന താരങ്ങളെ ടീമിലെടുക്കാൻ അഗാർക്കർ താത്പര്യപ്പെട്ടിരുന്നില്ലെന്ന വിമർശനങ്ങൾക്കിടെയാണ് അഗാർക്കറിനെ ഉന്നമിട്ടുള്ള മുൻ താരത്തിന്റെ പ്രതികരണം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭുവനേശ്വർ കുമാർ ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തിയത്. ഈ മാസം അവസാനം ന്യൂസീലൻഡിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് 36-കാരനായ ഭുവനേശ്വറിനെ ഉൾപ്പെടുത്തിയത്.
"നാലു വർഷത്തിനു ശേഷം തിരിച്ചുവരുന്നത് അത്ഭുതകരമാണ്. പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന ശക്തമായ സന്ദേശമാണ് വിരാട് കോലിയും രോഹിത് ശർമ്മയും നൽകിയിരിക്കുന്നത്. അതോടൊപ്പം ബിസിസിഐയുടെയും സെലക്ടർമാരുടെയും ചിന്താഗതിയിലും വ്യക്തമായ മാറ്റം വന്നിട്ടുണ്ട്. പ്രായം തടസ്സമാണെന്ന് കരുതിയിരുന്ന സെലക്ടർ പടിയിറങ്ങിയതിനു ശേഷം, തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുള്ള സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ, ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തിക്കൊണ്ട് പ്രായത്തേക്കാൾ പ്രകടനത്തിന് മുൻഗണന നൽകിയിരിക്കുന്നു," രമേഷ് പറഞ്ഞു.
"ആർസിബി തുടർച്ചയായി കിരീടങ്ങൾ നേടുന്നതിന് പിന്നിൽ നെടുംതൂണായിരുന്നു അദ്ദേഹത്തിന്റെ ബോളിങ്. തന്റെ ബനാന സ്വിംഗ് കൊണ്ട് അദ്ദേഹം എല്ലാ ബാറ്റർമാരെയും വലച്ചു. അവിശ്വസനീയമായ ഫിറ്റ്‌നസും ഫോമും അദ്ദേഹം നിലനിർത്തിയിരുന്നു എന്നത് വ്യക്തമായിരുന്നു. അതുകൊണ്ടാണ് എല്ലാ ആരാധകരും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി മുറവിളി കൂട്ടിയത്, ഒടുവിൽ അവരുടെ പ്രാർത്ഥനകൾ ഫലം കണ്ടിരിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്. പരിഗണിക്കപ്പെടാതെ പോയ പേസർക്ക് ഭുവനേശ്വറിന്റെ തിരിച്ചുവരവ് വഴിയൊരുക്കിയേക്കുമെന്നും രമേഷ് പറഞ്ഞു. ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവിൽ രണ്ട് കാരണങ്ങളാണ് പ്രധാനമായിട്ടുള്ളത്. ഒന്ന്, അദ്ദേഹം എത്രമാത്രം വൈഭവമുള്ള ഒരു ബോളറാണ് എന്നതാണ്. എന്നാൽ രണ്ടാമത്തെത്, ഭുവനേശ്വറും തന്റെ ബോളിംഗിലൂടെ പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് തെളിയിക്കുന്നു. അതിനാൽ അടുത്ത ലക്ഷ്യം മുഹമ്മദ് ഷമിയായിരിക്കും, ഷമിക്ക് അവസരം ലഭിച്ചേക്കാം.- രമേഷ് പറഞ്ഞു.
ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുടെ കാലയളവിൽ ഭുവിക്ക് ടീമിലേക്ക് തിരിച്ചുവരാൻ സാധിച്ചില്ല. പ്രകടനം മികച്ചതാണെങ്കിലും മുതിർന്ന താരങ്ങളെ വീണ്ടും ടീമിലേക്ക് പരിഗണിക്കാൻ അഗാർക്കർ താത്പര്യം കാണിച്ചിരുന്നില്ല. സെൻട്രൽ സോൺ സെലക്ടറായ രുദ്ര പ്രതാപ് സിങ് (ആർ.പി. സിങ്) ഭുവനേശ്വറിനെ ടീമിൽ ഉൾപ്പെടുത്താൻ ശ്രമിച്ചെങ്കിലും അഗാർക്കറുടെ പിന്തുണ ലഭിച്ചില്ല എന്നാണ് റിപ്പോർട്ട്. എന്നാൽ അഗാർക്കർ സ്ഥാനമൊഴിഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഇടക്കാല ചെയർമാനായി പ്രഗ്യാൻ ഓജ ചുമതലയേറ്റതോടെ, പേസർ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഭുവനേശ്വറിന്റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് ആർ.പി സിങ്ങിന് പ്രഗ്യാൻ ഓജയെയും മറ്റ് സെലക്ടർമാരെയും ബോധ്യപ്പെടുത്താൻ സാധിച്ചു.
Content Highlights: Bhuvneshwar Kumar makes a surprise return to the Indian T20I squad after a four-year hiatus for the New Zealand series., Former cricketer Sadagopan Ramesh attributes the selection change to a shift in BCCI selection committee mindset after Ajit Agarkar's departure