സ്വിങ് കിങ് ! ആ ഒറ്റ പന്തുമതി ഭുവിയുടെ മികവറിയാൻ, അദ്ഭുതമായി 36-കാരൻ

പേസർമാരുടെ വേഗത്തിനും സ്വിങ്ങിനും ചരമക്കുറിപ്പെഴുതുന്ന പ്രായമാണ് 35. പലരും കളി മതിയാക്കി കമന്ററിയുടെയും കോച്ചിങ്ങിന്റെയും ക്രീസിലേക്ക് കയറും. ക്രിക്കറ്റ് ലോകം ജസ്പ്രീത് ബുംറയുടെ വർക്ക് ലോഡിനെക്കുറിച്ചും വിരാട് കോലിയുടെ ഫിറ്റ്നസിനെക്കുറിച്ചും ചർച്ചചെയ്യുമ്പോൾ ആ വരികൾക്കിടയിലൂടെ വർഷങ്ങളായി ഒരാൾ പന്തെറിഞ്ഞുകൊണ്ടേയിരിക്കുന്നു. തികച്ചും നിശ്ശബ്ദനായി. 36-കാരനായ ഭുവനേശ്വർ കുമാർ എന്ന പേസർ അദ്ഭുതമാണ്.
ഐ.പി.എലിന്റെ 2016 സീസൺ കഴിഞ്ഞപ്പോൾ ഭുവിയായിരുന്നു ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം. പത്തുവർഷത്തിനിപ്പുറം 2026 ഐ.പി.എൽ. സീസൺ പകുതി പിന്നിടുമ്പോൾ അതേ ബൗളർ വിക്കറ്റ് വേട്ടയിൽ ഒന്നാമനാണ്. എട്ടുമത്സരങ്ങളിൽ 14 വിക്കറ്റ്.
അതും 7.61 എന്ന ഇക്കോണമിയിൽ. ഇന്ത്യയിലെ ഏറ്റവും മികച്ച സ്വിങ് ബൗളറായിട്ടും ഇന്ത്യൻ ടീമിൽനിന്ന് പണ്ടേ പുറത്തായവന്റെ പെർഫോമൻസാണിത്.
ഡൽഹിയുമായുള്ള കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ അവരുടെ ഓപ്പണർ സാഹിൽ പരേഖിനെ പുറത്താക്കിയ ഒറ്റ പന്തുമതി ഭുവിയുടെ മികവറിയാൻ. ഇന്നിങ്സിലെ രണ്ടാം പന്ത് മനോഹരമായ ഇൻസ്വിങിങ് യോർക്കർ ആയിരുന്നു. ആ മത്സരത്തിലെ ഭുവിയുടെ ബൗളിങ് കണക്ക് ഇങ്ങനെയാണ്: മൂന്ന് ഓവർ, അഞ്ചുറൺസ്, മൂന്നുവിക്കറ്റ്. ഓരോവറിൽ രണ്ട് റൺസ് തികച്ച് അടിക്കാൻപോലും ബാറ്റർമാരെ അനുവദിച്ചിട്ടില്ല. ഈ സീസണിൽ നേടിയ വിക്കറ്റുകളിൽ ഭൂരിഭാഗവും 16 മുതൽ 20 വരെയുള്ള ഡെത്ത് ഓവറുകളിലാണ്. മറ്റ് ബൗളർമാർ ഓടിനടന്ന് അടിവാങ്ങുമ്പോൾ കൃത്യതയിലൂടെ ഭുവി വിക്കറ്റ് വീഴ്ത്തുന്നു. 145 കിലോമീറ്റർ വേഗതയ്ക്കുപകരം 135 കിലോമീറ്റർ വേഗത്തിലും പന്ത് സ്വിങ് ചെയ്യിച്ചും കൃത്യമായ യോർക്കറുകൾ എറിഞ്ഞും ബാറ്റർമാർക്കുനേരെ ചോദ്യങ്ങളെറിയുന്നു.
സൺറൈസേഴ്‌സ് ഹൈദരാബാദിലെ 10 വർഷത്തിനുശേഷം, 2024 അവസാനത്തോടെ ആർ.സി.ബി. ഭുവിക്കായി 10 കോടി രൂപയിലേറെ മുടക്കിയപ്പോൾ അത് മണ്ടത്തരമായെന്ന് പറഞ്ഞവരേറെ. ഹൈദരാബാദിനൊപ്പമുള്ള അവസാനസീസണുകളിൽ ഭുവിയുടെ പന്തുകളുടെ വേഗം കുറഞ്ഞതും ഫോമില്ലായ്മയുംകണ്ട് പലരും ഭുവിയുടെ കരിയർ അവസാനിച്ചെന്ന് വിധിയെഴുതിയിരുന്നു. എന്നാൽ, ആർ.സി.ബി. കണ്ടത് മറ്റൊന്നാണ്. സമ്മർദഘട്ടങ്ങളെ അതിജീവിക്കാൻ കഴിവുള്ള, ഏതുപന്ത് എപ്പോൾ എറിയണമെന്ന് കൃത്യമായി അറിയാവുന്ന പരിചയസമ്പന്നനായ പേസറെയായിരുന്നു അവർക്കുവേണ്ടത്.
കഴിഞ്ഞ ഐ.പി.എൽ. സീസണിൽ ഭുവനേശ്വർ കുമാർ ആർ.സി.ബി.ക്ക് ഒരു ബൗളർ മാത്രമായിരുന്നില്ല. യഷ് ദയാലും ജോഷ് ഹേസൽവുഡുമടങ്ങുന്ന അവരുടെ പേസ് നിരയുടെ മെന്ററും വഴികാട്ടിയുമായിരുന്നു. 18 വർഷത്തെ കാത്തിരിപ്പിനുശേഷം ആർ.സി.ബി. ആദ്യ ഐ.പി.എൽ. കിരീടം നേടിയതിൽ ഭുവിയുടെ പങ്ക് ചെറുതല്ല. ഭുവനേശ്വർ 14 മത്സരങ്ങളിൽ 17 വിക്കറ്റും ഹേസൽവുഡ് 12 മത്സരങ്ങളിൽ 22 വിക്കറ്റും യഷ് ദയാൽ 15 മത്സരങ്ങളിൽ 13 വിക്കറ്റും നേടി.
വർഷങ്ങൾക്കുമുൻപ് കരിയർ അവസാനിക്കുമെന്ന് കരുതിയവൻ ഇപ്പോഴും മികച്ച പേസറായി തുടരുന്നതിനുപിന്നിൽ ഭക്ഷണത്തിന്റെ ഭാഷമാറ്റിയ കഥയുണ്ട്. കുറച്ചുവർഷംമുൻപ് ശരീരത്തിന് ഭാരവും മന്ദതയും അനുഭവപ്പെട്ടപ്പോൾ, ആദ്യം കാപ്പിയും പിന്നെ ചായയും ഉപേക്ഷിച്ചു. പാലുത്പന്നങ്ങളും മാംസഭക്ഷണവും പൂർണമായും ഒഴിവാക്കി. ശരീരം പറയുന്നത് കേൾക്കാൻ തയ്യാറായാൽ അദ്‌ഭുതങ്ങൾ സംഭവിക്കുമെന്ന് ഭുവി തെളിയിച്ചു. കൃത്യമായ ഭക്ഷണക്രമത്തിലൂടെ വീണ്ടെടുത്ത ആരോഗ്യം കരിയറിനെ മാറ്റിമറിച്ചു.
Content Highlights: Bhuvneshwar Kumar leads the 2026 IPL wicket-takers list with 14 wickets in 8 matches., Maintains an impressive 7.61 economy rate, specializing in death-over bowling., Overcame career doubts after moving to RCB, acting as a mentor to the pace attack., Transformation attributed to a strict diet, including the removal of dairy and meat., Proves age is not a barrier for elite swing bowling performance.