ബംഗ്ലാദേശിനോട് പാകിസ്താന്‍ തോറ്റതിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ട്- മുന്‍ താരം റമീസ് രാജ

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി പാകിസ്താനെ മലര്‍ത്തിയടിച്ചതിന്റെ ആഹ്ലാദത്തിലാണ് ബംഗ്ലാദേശ് ടീമംഗങ്ങള്‍. ഞായറാഴ്ച അവസാനിച്ച മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. റാവല്‍പിണ്ടിയിലായിരുന്നു മത്സരം. സ്വന്തംനാട്ടില്‍ ബംഗ്ലാദേശിനോട് തോല്‍ക്കേണ്ടിവന്നു എന്ന നാണക്കേടും പാകിസ്താന് പേറേണ്ടിവന്നു.
എന്നാല്‍, പാകിസ്താന്‍ തോറ്റതിനു പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് മുന്‍ താരം റമീസ് രാജയുടെ പ്രതികരണം. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പാകിസ്താന്‍ പേസര്‍മാരെ പ്രഹരിച്ചതാണ് തോല്‍വിയിലേക്ക് വഴിവെച്ചതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ടീം സെലക്ഷനിലെ അപാകം, ഒരു സ്‌പെഷ്യല്‍ സ്പിന്നറുടെ അഭാവം എന്നിവയാണ് റമീസ് രാജ തോല്‍വിയുടെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടിയത്.
രണ്ടാമത് പറയുന്ന കാരണത്തിലാണ് ഇന്ത്യയെ ബന്ധപ്പെടുത്തിയത്. പാക് പേസര്‍മാരെ നേരിടാന്‍ മുന്‍പ് ബാറ്റര്‍മാര്‍ അല്‍പം പേടിച്ചിരുന്നു. എന്നാല്‍, ആ അവസ്ഥയ്ക്ക് കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യ മാറ്റമുണ്ടാക്കി. പേസര്‍മാര്‍ക്കെതിരേ ഇന്ത്യ ആക്രമിച്ചുകളിച്ച് ആധിപത്യം നേടി. ഇതോടെ പാക് പേസര്‍മാര്‍ക്കെതിരേ ആക്രമണമാണ് മറുമരുന്നെന്ന് മറ്റു രാജ്യങ്ങള്‍ മനസ്സിലാക്കിയെന്ന് റമീസ് രാജ അഭിപ്രായപ്പെട്ടു.
ടെസ്റ്റ് ചരിത്രത്തില്‍ പാകിസ്താനും ബംഗ്ലാദേശും തമ്മില്‍ മുന്‍പ് 13 തവണ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും വിജയം പാകിസ്താനൊപ്പമായിരുന്നു. ഒരു മത്സരം സമനിലയിലായി. ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ടെസ്റ്റിലാണ് പാകിസ്താന്‍ തോറ്റതെന്നത് വിമര്‍ശനത്തിന്റെ ആഴംകൂട്ടി. ഒന്നാം ഇന്നിങ്‌സില്‍ 448-ല്‍ ആറ് എന്ന നിലയില്‍ പാകിസ്താന്‍ ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 565 റണ്‍സ് നേടി. ഇതോടെ 117 റണ്‍സ് ലീഡ്. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ പാകിസ്താന് 146 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ബംഗ്ലാദേശിന് വേണ്ടിവന്നത് പത്ത് വിക്കറ്റ് ബാക്കിയിരിക്കേ 30 റണ്‍സ്. പത്ത് വിക്കറ്റിന് ബംഗ്ലാദേശ് ജയിക്കുകയും ചെയ്തു.
Content Highlights: behind pakistans loss to bangladesh ramiz raja stunning india factor